ന്യൂഡൽഹി: പശ്ചിമേഷ്യയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളെത്തുടർന്ന് കഴിഞ്ഞ മൂന്നാഴ്ചക്കിടെ എയർ ഇന്ത്യ പശ്ചിമേഷ്യയിലേക്കുള്ള 2500 ഓളം സർവീസുകൾ റദ്ദാക്കി. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് സാധാരണ നിലയിലുള്ള സർവീസുകളുടെ 30 ശതമാനം മാത്രമാണ് ഇപ്പോൾ വിമാന കമ്പനി നടത്തുന്നത്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ എയർ ഇന്ത്യ ഗ്രൂപ്പിനെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ടെന്നും ഇതിന്റെ ആഘാതം വളരെ വലുതാണെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കാംബെൽ വിൽസൺ ജീവനക്കാർക്കയച്ച കുറിപ്പിൽ വ്യക്തമാക്കി. പല രാജ്യങ്ങളിലെയും വിമാനത്താവളങ്ങളും വ്യോമപാതകളും അടച്ചതും സുരക്ഷാ ഭീഷണികളുമാണ് സർവീസുകൾ വൻതോതിൽ വെട്ടിക്കുറക്കാൻ കാരണമായത്.
സംഘർഷം നീണ്ടുനിൽക്കുന്ന സാഹചര്യത്തിൽ വിമാന ഇന്ധന വിലയിലുണ്ടായ വർദ്ധനവ് ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂടാൻ കാരണമായേക്കും. ടിക്കറ്റ് നിരക്കിന്മേലുള്ള നിയന്ത്രണം കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ നീക്കിയതും വിമാന കമ്പനികൾക്ക് നിരക്ക് വർദ്ധിപ്പിക്കാൻ അവസരമൊരുക്കും. വിദേശ യാത്രക്കാരെയും പ്രവാസികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നതാണ് ഈ തീരുമാനം. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം എയർ ഇന്ത്യയുടെ ഓപ്പറേഷൻസ് ടീം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വ്യോമപാതകൾ തുറക്കുന്നതിനും സാധാരണ നിലയിലുള്ള സർവീസുകൾ പുനരാരംഭിക്കുന്നതിനും മേഖലയിലെ സംഘർഷങ്ങൾ അയയേണ്ടതുണ്ട്.



