ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അദ്ദേഹത്തിന്റെ തന്നെ പ്രശസ്തമായ ശൈലിയിൽ പരിഹസിച്ച് ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC). ഇറാന്റെ ശത്രുക്കളെ അഭിസംബോധന ചെയ്ത് പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് ഐആർജിസിയുടെ ‘ഖാതമുൽ അൻബിയ’ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവ് ട്രംപിനെതിരെ രൂക്ഷമായ പരിഹാസം ഉന്നയിച്ചത്. ട്രംപിന്റെ മുൻകാല റിയാലിറ്റി ഷോകളിലെ വിഖ്യാത വചനമായ “നിങ്ങൾ പുറത്താണ്” (You’re fired!) എന്ന പ്രയോഗം മറുപടിയായി ഉപയോഗിച്ചാണ് ഇറാൻ സൈനിക നേതൃത്വം രംഗത്തെത്തിയത്. ട്രംപിന്റെ സംസാരശൈലിയെയും പ്രയോഗങ്ങളെയും അനുകരിച്ചുകൊണ്ടായിരുന്നു ഈ വീഡിയോ അഡ്രസ്സ്.
പശ്ചിമേഷ്യയിൽ അമേരിക്ക നടത്തുന്ന സൈനിക നീക്കങ്ങൾ പാളിയെന്നും ട്രംപിന്റെ ഭീഷണികൾക്ക് ഇറാൻ വഴങ്ങില്ലെന്നും വക്താവ് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയുമായി ചർച്ചകൾ നടന്നെന്ന ട്രംപിന്റെ അവകാശവാദം ഇറാൻ നേരത്തെ തന്നെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക വക്താവ് ഇത്തരമൊരു വീഡിയോയുമായി രംഗത്തെത്തിയത്. മേഖലയിലെ യുഎസ് സാന്നിധ്യം അവസാനിപ്പിക്കണമെന്നും ട്രംപിന്റെ യുദ്ധതന്ത്രങ്ങൾ പരാജയപ്പെട്ടുവെന്നും വക്താവ് പരിഹസിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള വാക്പോര് മുറുകുന്നത് മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്.



