23.4 C
Saudi Arabia
Tuesday, March 24, 2026
spot_img

പെന്റഗണിൽ മാധ്യമപ്രവർത്തകർക്ക് വിലക്ക്; പ്രസ് ഓഫീസുകൾ മാറ്റാൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം

വാഷിംഗ്ടൺ: പെന്റഗണിലെ മാധ്യമപ്രവർത്തനത്തിന് നിയന്ത്രണമേർപ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ വിവാദ ഉത്തരവ് കോടതി റദ്ദാക്കിയതിന് പിന്നാലെ, പെന്റഗൺ ആസ്ഥാനത്തെ മാധ്യമ ഓഫീസുകൾ നീക്കം ചെയ്യാൻ അമേരിക്കൻ പ്രതിരോധ വകുപ്പ് തീരുമാനിച്ചു. മാധ്യമപ്രവർത്തകർക്ക് പെന്റഗൺ പാസ് ലഭിക്കുന്നതിനായി കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ കർശനമായ നിബന്ധനകൾ ആവിഷ്കരിച്ച പുതിയ സംവിധാനമാണ് കോടതി തള്ളിയത്. പെന്റഗൺ അനുമതിയില്ലാതെ വിവരങ്ങൾ ശേഖരിക്കില്ലെന്നും രഹസ്യരേഖകൾ പ്രസിദ്ധീകരിക്കില്ലെന്നും മാധ്യമപ്രവർത്തകർ രേഖാമൂലം ഉറപ്പ് നൽകണമെന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ വ്യവസ്ഥ. ഇത് മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് ‘ദി ന്യൂയോർക്ക് ടൈംസ്’ നൽകിയ ഹർജിയിലാണ് കഴിഞ്ഞ വെള്ളിയാഴ്ച കോടതി വിധി വന്നത്.

കോടതി വിധിക്ക് പിന്നാലെ, പതിറ്റാണ്ടുകളായി മാധ്യമപ്രവർത്തകർ ഉപയോഗിച്ചിരുന്ന പെന്റഗണിലെ പ്രശസ്തമായ ‘കറസ്‌പോണ്ടന്റ്‌സ് കോറിഡോർ’  ഉടനടി അടച്ചുപൂട്ടുമെന്ന് ചീഫ് പെന്റഗൺ വക്താവ് സീൻ പാർനൽ അറിയിച്ചു. പെന്റഗണിന് പുറത്തുള്ള മറ്റൊരു അനുബന്ധ കെട്ടിടത്തിലേക്ക് (Annex) പ്രസ് ഓഫീസുകൾ മാറ്റാനാണ് നിലവിലെ തീരുമാനം. ഇതോടെ, നേരത്തെ പെന്റഗൺ ആസ്ഥാനത്തിനുള്ളിൽ മാധ്യമപ്രവർത്തകർക്ക് ലഭിച്ചിരുന്ന സ്വതന്ത്രമായ പ്രവേശനത്തിന് നിയന്ത്രണം വരും. മാധ്യമപ്രവർത്തകർക്ക് വാർത്താസമ്മേളനങ്ങളിൽ പങ്കെടുക്കാനും അഭിമുഖങ്ങൾക്കായി കെട്ടിടം സന്ദർശിക്കാനും സാധിക്കുമെങ്കിലും, കെട്ടിടത്തിനുള്ളിൽ ഉദ്യോഗസ്ഥരുടെ അകമ്പടി നിർബന്ധമാക്കും.

കോടതി വിധിയെത്തുടർന്ന് മാധ്യമപ്രവർത്തകർക്ക് സുരക്ഷാ പരിശോധനയില്ലാതെ കെട്ടിടത്തിനുള്ളിൽ പ്രവേശനം നൽകുന്നത് സുരക്ഷാഭീഷണിയാണെന്നാണ് പ്രതിരോധ വകുപ്പിന്റെ നിലപാട്. എന്നാൽ, ഭരണകൂടത്തിന് താല്പര്യമില്ലാത്ത മാധ്യമങ്ങളെ പുറത്താക്കാനും വാർത്താശേഖരണം തടയാനുമുള്ള നീക്കമാണിതെന്ന് മാധ്യമസംഘടനകൾ ആരോപിക്കുന്നു. ഇറാനുമായുള്ള യുദ്ധം ഉൾപ്പെടെയുള്ള നിർണ്ണായക സൈനിക നീക്കങ്ങൾ നടക്കുന്ന സാഹചര്യത്തിൽ, വിവരങ്ങൾ ജനങ്ങളിലേക്ക് എത്തുന്നത് തടയാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്ന് ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ കുറ്റപ്പെടുത്തി.

 

Related Articles

- Advertisement -spot_img

Latest Articles