വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നാവികസേനയുടെ അത്യാധുനിക ഡ്രോൺ തകർന്നു വീണു. ഏകദേശം 2222 കോടി രൂപ വിലമതിക്കുന്ന നിരീക്ഷണ ഡ്രോണാണ് തകർന്നത്. അമേരിക്കയുടെ ഏറ്റവും വിലയേറിയ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നായ ഈ ഡ്രോൺ തകർന്നത് യുഎസ് നാവികസേനയ്ക്ക് വലിയ സാമ്പത്തിക നഷ്ടവും നയതന്ത്രപരമായ തിരിച്ചടിയുമാണ് നൽകിയിരിക്കുന്നത്. മേഖലയിലെ നാവിക നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി വിന്യസിച്ചിരുന്ന ഡ്രോണാണിത്.
സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് അമേരിക്ക ഭാഗിക ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ ഇത്തരം ഒരു അപകടം ഉണ്ടായത് പ്രതിരോധ വൃത്തങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്. സംഭവത്തെക്കുറിച്ച് യുഎസ് പ്രതിരോധ വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കടലിടുക്കിലെ സുരക്ഷാ നിരീക്ഷണങ്ങളെ ഈ നഷ്ടം ബാധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



