തിരുവനന്തപുരം: സംസ്ഥാനത്ത് ഏവരും ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണിത്തുടങ്ങിയത്. വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ രാവിലെ 8.30 മുതൽ എണ്ണിത്തുടങ്ങും. പുറത്തുവരുന്ന ഏറ്റവും പുതിയ ഫലസൂചനകൾ പ്രകാരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് നടക്കുന്നത്. ഏപ്രിൽ ഒമ്പതിന് നടന്ന വോട്ടെടുപ്പിന് ശേഷം മൂന്നാഴ്ചയിലേറെ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്. സംസ്ഥാനത്തുടനീളം 43 കേന്ദ്രങ്ങളിലായി വോട്ടെണ്ണലിന് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരിക്കുന്നത്.
ശക്തമായ ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്നും അതുവഴി അധികാരം പിടിക്കാമെന്നുമാണ് യു.ഡി.എഫിന്റെ ഉറച്ച ആത്മവിശ്വാസം. വോട്ടെണ്ണൽ ദിനത്തിലെ വിജയപ്രതീക്ഷയിൽ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനിൽ പന്തൽ ഉയരുകയും പായസവും ലഡുവും വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാകുകയും ചെയ്തിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ചരിത്രപരമായ ഭരണത്തുടർച്ച ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ് ക്യാമ്പ്. മേയ് ആറിന് ചേരുന്ന പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.
വോട്ടെണ്ണൽ ദിനത്തിൽ പ്രമുഖ നേതാക്കളെല്ലാം അതത് കേന്ദ്രങ്ങളിൽ ഫലമറിയാനുള്ള കാത്തിരിപ്പിലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ പിണറായിയിലെ വീട്ടിലാണുള്ളത്; അദ്ദേഹം ചൊവ്വാഴ്ചയോടെ തിരുവനന്തപുരത്തെത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലിരുന്നാണ് ഫലങ്ങൾ വിലയിരുത്തുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എ.കെ.ജി സെന്ററിലും, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്ദിര ഭവനിലും ക്യാമ്പ് ചെയ്യുന്നു. രമേശ് ചെന്നിത്തല രാവിലെ ഇന്ദിര ഭവനിലെത്തിയ ശേഷം ഉച്ചയോടെ ഹരിപ്പാട്ടേക്ക് മടങ്ങും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ബി.ജെ.പി സംസ്ഥാന ഓഫീസിലും നേമത്തുമായുണ്ടാകും.



