തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ചരിത്രവിജയം. ഭരണത്തുടർച്ചയെന്ന എൽഡിഎഫിന്റെ സ്വപ്നങ്ങളെ തകർത്തെറിഞ്ഞ് പത്തു വർഷത്തിന് ശേഷം യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചെത്തുന്നു. ആകെയുള്ള 140 സീറ്റുകളിൽ 104 സീറ്റുകൾ നേടി യുഡിഎഫ് തകർപ്പൻ മുന്നേറ്റം നടത്തിയപ്പോൾ, ഭരണകക്ഷിയായ എൽഡിഎഫ് 34 സീറ്റുകളിലേക്ക് ചുരുങ്ങി. അതേസമയം, സംസ്ഥാനത്ത് ആദ്യമായി മൂന്ന് നിയമസഭാ സീറ്റുകൾ നേടി എൻഡിഎയും കരുത്തറിയിച്ചു. തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കറെ നേരിൽ കാണുന്നതിന് പകരം പ്രത്യേക ദൂതൻ വഴിയാണ് മുഖ്യമന്ത്രി രാജിക്കത്ത് ലോക്ഭവനിൽ എത്തിച്ചത്. രാജി സ്വീകരിച്ച ഗവർണർ, പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ പിണറായി വിജയനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യുഡിഎഫിന്റെ ആഞ്ഞടിച്ച തരംഗത്തിൽ ഇടതുപക്ഷത്തിന്റെ പരമ്പരാഗത കോട്ടകളെല്ലാം തന്നെ തകർന്നു വീണു. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ധർമ്മടത്ത് പോലും ഇത്തവണ പോരാട്ടം കനത്തതായിരുന്നു. വോട്ടെണ്ണലിന്റെ ആദ്യ ആറ് റൗണ്ടുകൾ പൂർത്തിയാകുന്നത് വരെ പിണറായി വിജയൻ ഒരിക്കൽ പോലും ലീഡ് ചെയ്തിരുന്നില്ല എന്നത് ഇടതുപക്ഷത്തെ നടുക്കിയ വസ്‌തുതയാണ്. ഒടുവിൽ ഫലം വന്നപ്പോൾ വളരെ കുറഞ്ഞ ഭൂരിപക്ഷത്തിന് മാത്രമാണ് അദ്ദേഹത്തിന് മണ്ഡലം നിലനിർത്താനായത്.
മുഖ്യമന്ത്രിയുടെ വിജയത്തിന് തിളക്കം കുറഞ്ഞപ്പോൾ മന്ത്രിസഭയിലെ ഭൂരിഭാഗം പേരും പരാജയത്തിന്റെ കയ്പ്പറിഞ്ഞു. ആകെയുള്ള 21 മന്ത്രിമാരിൽ 13 പേരും ഇത്തവണ പരാജയപ്പെട്ടത് സർക്കാരിനെതിരായ ശക്തമായ ജനവികാരത്തിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു. ആരോഗ്യ മന്ത്രി വീണാ ജോർജ് ഉൾപ്പെടെയുള്ള പ്രമുഖർ തോറ്റവരിൽ ഉൾപ്പെടുന്നു. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന പല മണ്ഡലങ്ങളും യുഡിഎഫ് പിടിച്ചെടുത്തപ്പോൾ, ചിലയിടങ്ങളിൽ ബിജെപിയും വിജയിച്ചത് ഇരു മുന്നണികൾക്കും ഒരുപോലെ തിരിച്ചടിയായി. ഭരണവിരുദ്ധ വികാരവും വികസന മുരടിപ്പുമാണ് യുഡിഎഫിന്റെ വിജയത്തിന് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.



