ഭരണവും പാർട്ടിയും കുത്തകയാക്കിയവർക്കേറ്റ തിരിച്ചടി; കടുത്ത വിമർശനങ്ങളുമായി ജി. സുധാകരൻ

ആലപ്പുഴ: ഭരണവും പാർട്ടിയും സ്വന്തം കുത്തകയാക്കി മാറ്റിയവർക്കേറ്റ കനത്ത തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്ന് അമ്പലപ്പുഴയിൽ യു.ഡി.എഫ് സ്വതന്ത്രനായി വിജയിച്ച ജി. സുധാകരൻ പറഞ്ഞു. സി.പി.എം നേതൃത്വത്തെ പിടികൂടിയിരിക്കുന്ന സ്വാർഥതകൾ ഇനിയെങ്കിലും ഉപേക്ഷിക്കാൻ അവർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താനും ഭാര്യയും എന്ത് ചെയ്യണമെന്ന് തങ്ങൾ തന്നെ തീരുമാനിക്കുമെന്നും, അത് മറ്റാരെങ്കിലും തീരുമാനിക്കാമെന്ന ധാരണയ്ക്കേറ്റ അടിയാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

തന്നെ പരിഹസിച്ച എം.വി. ഗോവിന്ദൻ കൂടുതൽ ജാഗ്രത പാലിക്കണമായിരുന്നുവെന്നും, മുഖ്യമന്ത്രി തന്നെ ‘ചെറ്റ’ എന്ന് വരെ വിളിച്ചുവെന്നും സുധാകരൻ ആരോപിച്ചു. പാർട്ടിയിൽ വിഭാഗീയത നിലനിന്നിരുന്ന കാലത്ത് പിണറായി വിജയന് തന്നെ ആവശ്യമായിരുന്നുവെന്നും എന്നാൽ ഇപ്പോൾ കന്നുകാലികളെ അഴിച്ചുവിട്ടത് പോലെയാണ് പാർട്ടി പ്രവർത്തനമെന്നും അദ്ദേഹം വിമർശിച്ചു. സി.പി.എം നിലവിൽ ഒരു ‘ശിഖണ്ഡി’യായി മാറിയെന്നും, നേതൃത്വം മാറിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി അതിന്റെ പഴയ സ്വഭാവത്തിലേക്ക് മടങ്ങണമെന്നാണ് തന്റെ ആഗ്രഹമെന്നും സുധാകരൻ വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് താൻ ജനകീയ സ്വതന്ത്രനായി മത്സരിച്ചതെന്നും, വീട്ടുകാരോട് മാത്രം ആലോചിച്ചാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം വെളിപ്പെടുത്തി. മത്സരിക്കാൻ തീരുമാനിച്ചതിന് പത്ത് ദിവസത്തിന് ശേഷമാണ് യു.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചത്. രാജ്യത്തെ വലിയ മതനിരപേക്ഷ പ്രസ്ഥാനമായ കോൺഗ്രസും 101 ശതമാനം മതേതര പ്രസ്ഥാനമായ മുസ്ലിം ലീഗും നൽകിയ പിന്തുണ വിജയത്തിൽ നിർണ്ണായകമായി. മുസ്ലിം ലീഗിനോ മുസ്ലിം സമുദായത്തിനോ യാതൊരുവിധ വർഗീയതയുമില്ലെന്നും അവർ വോട്ടിങ്ങിൽ അത് കാണിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ ജയിപ്പിച്ച ശേഷവും എച്ച്. സലാം ഗൂഢാലോചന നടത്തിയെന്നും, തനിക്കെതിരെ ഇനിയും നീങ്ങിയാൽ സലാമിന്റെ രാഷ്ട്രീയ ഭാവി അവസാനിക്കുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.

 

Related Articles

- Advertisement -spot_img

Latest Articles