ജനവിധി അംഗീകരിക്കുന്നു; തിരുത്തേണ്ടത് തിരുത്തും , മൗനം വെടിഞ്ഞ് പിണറായി വിജയൻ.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നതായും തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായ ഫലമാണ് ഉണ്ടായതെന്നും എന്നാൽ വലിയൊരു ജനവിഭാഗം എൽഡിഎഫിനൊപ്പം ഉറച്ചുനിന്നുവെന്നത് ആത്മവിശ്വാസം നൽകുന്ന കാര്യമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ജനവിധി എൽഡിഎഫിനെ സംബന്ധിച്ച് രാഷ്ട്രീയ പ്രവർത്തനത്തിന്റെ അവസാനമല്ല, മറിച്ച് കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാനുള്ള പുതിയ തുടക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..കഴിഞ്ഞ പത്ത് വർഷക്കാലം സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളും വികസന പ്രവർത്തനങ്ങളും വിസ്മരിക്കാനാവില്ല. വിജ്ഞാന സമ്പദ്‌വ്യവസ്ഥ, യുവജന തൊഴിൽ, അതിദാരിദ്ര്യ നിർമാർജനം തുടങ്ങിയ ലക്ഷ്യങ്ങൾക്കായി എൽഡിഎഫ് മുന്നോട്ടുവെച്ച കാഴ്ചപ്പാടുകൾ ഒരു പ്രതിപക്ഷമെന്ന നിലയിൽ ശക്തമായി തന്നെ പിന്തുടരും.

പുതിയ സർക്കാരിന്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുമ്പോൾ തന്നെ, ജനവിരുദ്ധമായ തീരുമാനങ്ങളെ ജാഗ്രതയോടെ എതിർക്കുമെന്നും ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി എൽഡിഎഫ് പ്രവർത്തിക്കുമെന്നും പിണറായി വിജയൻ കുറിച്ചു.

സംസ്ഥാനത്തെ വർഗീയ വിഭജന രാഷ്ട്രീയത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവകരമായ കാര്യമാണ്. കേരളത്തിന്റെ മതനിരപേക്ഷതയും ബഹുസ്വരതയും സംരക്ഷിക്കുക എന്നത് എൽഡിഎഫിന്റെ അടിസ്ഥാന നയമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് നടന്ന വ്യാജപ്രചാരണങ്ങളെയും അർദ്ധസത്യങ്ങളെയും മുഖ്യമന്ത്രി വിമർശിച്ചു. മാധ്യമങ്ങളിൽ ചിലർ സ്വീകരിച്ച നിലപാടുകൾ ജനാധിപത്യത്തിന് ഗുണകരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് എൽഡിഎഫ് സമഗ്രമായ പരിശോധന നടത്തും. പ്രവർത്തകരുടെയും പൊതുസമൂഹത്തിന്റെയും വിമർശനങ്ങളും അഭിപ്രായങ്ങളും ഗൗരവത്തോടെ കേൾക്കും. നുണക്കഥകൾക്കും കോർപ്പറേറ്റ് പിആർ തന്ത്രങ്ങൾക്കും തങ്ങളെ പിന്നോട്ടടിപ്പിക്കാനാവില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, പാർട്ടിക്കും മുന്നണിക്കും സംഭവിച്ച വീഴ്ചകൾ ജനാധിപത്യപരമായി പരിശോധിക്കുമെന്നും ആവശ്യമായ തിരുത്തലുകൾ വരുത്തി ജനങ്ങളുടെ വിശ്വാസം വീണ്ടെടുത്ത് കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്നും വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles