ചെന്നൈ: ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആറ് പതിറ്റാണ്ടിലേറെ നീണ്ട ചരിത്രം തിരുത്തിക്കൊണ്ട് തമിഴ്നാട്ടിൽ ആദ്യ സഖ്യസർക്കാർ അധികാരത്തിലേക്ക്. സൂപ്പർ താരം വിജയിയുടെ തമിഴക വെട്രി കഴകം (ടി.വി.കെ) നേതൃത്വം നൽകുന്ന മുന്നണി കേവല ഭൂരിപക്ഷത്തിനാവശ്യമായ 118 എന്ന മാന്ത്രിക സംഖ്യ തൊട്ടതോടെയാണിത്. നിർണായക ഘട്ടത്തിൽ വിടുതലൈ ചിരുതൈകൾ കച്ചി (വി.സി.കെ) പിന്തുണ പ്രഖ്യാപിച്ചതാണ് വിജയിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന് ഭൂരിപക്ഷം ഉറപ്പാക്കാൻ സഹായിച്ചത്. വി.സി.കെയുടെ ഈ അപ്രതീക്ഷിത നീക്കം വിജയിന്റെ അധികാരാരോഹണം സുഗമമാക്കിയിരിക്കുകയാണ്.
234 അംഗങ്ങളുള്ള തമിഴ്നാട് നിയമസഭയിൽ സർക്കാർ രൂപീകരിക്കാൻ 118 സീറ്റുകളാണ് വേണ്ടത്. നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടി.വി.കെയ്ക്ക് അഞ്ച് കോൺഗ്രസ് അംഗങ്ങളും നാല് ഇടതുപക്ഷ പ്രതിനിധികളും നേരത്തെ തന്നെ പിന്തുണ നൽകിയിരുന്നു. ഏറ്റവും ഒടുവിലായി വി.സി.കെയുടെ രണ്ട് എം.എൽ.എമാർ കൂടി എത്തിയതോടെ സഖ്യത്തിന്റെ ആകെ ബലം 118 ആയി ഉയർന്നു. ഇതിന് പുറമെ മൂന്ന് എ.ഐ.എ.ഡി.എം.കെ എം.എൽ.എമാർ കൂടി വിജയ് ക്യാമ്പിലേക്ക് എത്തുമെന്ന സൂചനകളും നിലവിൽ ശക്തമാണ്.
നേരത്തെ കൃത്യമായ പിന്തുണക്കത്തുകൾ ഹാജരാക്കാത്തതിനെത്തുടർന്ന് സർക്കാർ രൂപീകരിക്കാനുള്ള വിജയിന്റെ അവകാശവാദം ഗവർണർ ആർ.വി. അർലേക്കർ തള്ളിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഭൂരിപക്ഷം ഉറപ്പിച്ചതോടെ വിജയ് ഉടൻ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള സന്നദ്ധത അറിയിക്കും. ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്നീ വൻമരങ്ങളുടെ കാലം അവസാനിക്കുന്നതോടെ തമിഴ് മണ്ണിൽ ഇനി ‘ദളപതി’ ഭരണത്തിന്റെ മണിക്കൂറുകളാണ് ബാക്കിയുള്ളത്.
സഖ്യസർക്കാറിലെ മന്ത്രിസ്ഥാനങ്ങളെച്ചൊല്ലി ടി.വി.കെയും കോൺഗ്രസും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്; രണ്ട് മന്ത്രിസ്ഥാനങ്ങളാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ഇടതുപക്ഷ പാർട്ടികൾ മന്ത്രിസഭയുടെ ഭാഗമാകാതെ പുറത്തുനിന്ന് പിന്തുണ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. വി.സി.കെ കൂടി പിന്തുണ നൽകിയതോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ ഒരു പുതിയ യുഗത്തിന് തുടക്കമാവുകയാണ്.



