ആരോഗ്യപൂർണ്ണമായ പ്രവാസത്തിനായി ‘ഫിറ്റ് 4’ ; ജിദ്ദയിൽ 70 കേന്ദ്രങ്ങളിൽ ഹെൽത്ത് ക്ലബ്ബുകൾ സ്ഥാപിക്കും

ജിദ്ദ: പ്രവാസികൾക്കിടയിൽ വർധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങൾക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിനും ആരോഗ്യകരമായ ജീവിതരീതി പ്രോത്സാഹിപ്പിക്കുന്നതിനുമായി ‘ഫിറ്റ് 4’ (Fit 4) ട്രെയിനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യ സംരക്ഷണവും ചിട്ടയായ വ്യായാമവും ഓരോ പ്രവാസിയുടെയും നിത്യജീവിതത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ ജിദ്ദയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 84 പരിശീലകർ പങ്കെടുത്തു. ഈ വിപുലമായ പദ്ധതിയുടെ അടുത്ത ഘട്ടമെന്ന നിലയിൽ ജിദ്ദയിലെ 70 കേന്ദ്രങ്ങളിൽ പുതുതായി ഫിറ്റ് 4 ഹെൽത്ത് ക്ലബ്ബുകൾ രൂപീകരിക്കാൻ തീരുമാനിച്ചതായി സംഘാടകർ  അറിയിച്ചു. പ്രവാസികൾക്ക് വ്യായാമവും ആരോഗ്യകാര്യങ്ങളും കൃത്യമായി പിന്തുടരുന്നതിന് ആവശ്യമായ പ്രാദേശിക സംവിധാനങ്ങൾ ഈ ക്ലബ്ബുകളിലൂടെ ലഭ്യമാക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്.

ഭക്ഷണക്രമത്തിലെ നിയന്ത്രണങ്ങൾ, പ്രത്യേകിച്ച് പഞ്ചസാരയുടെ അളവ് കുറയ്ക്കേണ്ടതിന്റെ ആവശ്യകത, ആരോഗ്യകരമായ ഭക്ഷണരീതികൾ എന്നിവയെക്കുറിച്ച് യഹിയ ഖലീൽ നൂറാനി ക്ലാസ്സെടുത്തു. ഓരോ പ്രവാസിയും ദിവസേന ചുരുങ്ങിയത് അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വ്യായാമത്തിനായി മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹനീഫ പെരിന്തൽമണ്ണ ട്രെയിനിംഗിന് നേതൃത്വം നൽകുകയും പ്രായോഗിക വ്യായാമ മുറകൾ പരിശീലകർക്ക് പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. സമാപന സെഷനിൽ അബൂബക്കർ മിസ്ബാഹ്‌ ഐക്കരപ്പടി പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ചും ഐ.സി.എഫ് കെയർ, ഇ.ആർ.ടി തുടങ്ങിയ വെൽഫെയർ പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു.

പദ്ധതിയുടെ ഭാഗമായി പ്രത്യേക ടീഷർട്ടുകൾ പ്രവർത്തകർക്ക് വിതരണം ചെയ്തു. സൈദ്‌ മുഹമ്മദ്‌ മാസ്റ്റർ, മൻസൂർ മാസ്‌റ്റർ, മുഹ്‌സിൻ സഖാഫി, അബ്ദുൽ കലാം അഹ്‌സനി, അബ്ദുൽ ഗഫൂർ പുളിക്കൽ, അബ്ദുൽ ഖാദർ സഖാഫി തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. പ്രവാസലോകത്ത് ശാരീരികക്ഷമതയും മാനസികോല്ലാസവും ഉറപ്പുവരുത്തുന്നതിൽ ഈ ഹെൽത്ത് ക്ലബ്ബുകൾ വരുംദിവസങ്ങളിൽ നിർണ്ണായക പങ്ക് വഹിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ഇതിനായുള്ള പ്രാദേശിക തലത്തിലുള്ള ഒരുക്കങ്ങൾ ജിദ്ദയിൽ സജീവമായി നടന്നുവരികയാണ്

 

 

Related Articles

- Advertisement -spot_img

Latest Articles