കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കുമെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി രംഗത്തെത്തി. തന്നെ നിയമവിരുദ്ധമായാണ് പരാജയപ്പെടുത്തിയതെന്നും ഇതിന് പിന്നിലെ സത്യം വൈകാതെ പുറത്തുവരുമെന്നും മമത പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ടും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ മമത തയ്യാറാകാതിരുന്നത് ബംഗാൾ രാഷ്ട്രീയത്തിൽ വലിയ നാടകീയ നീക്കങ്ങൾക്കാണ് വഴിവെച്ചത്. തന്റെ സമൂഹമാധ്യമ പ്രൊഫൈലുകളിൽ നിന്ന് ‘പശ്ചിമ ബംഗാൾ മുഖ്യമന്ത്രി’ എന്ന വിശേഷണം നീക്കം ചെയ്യാൻ തുടക്കത്തിൽ അവർ വിസമ്മതിച്ചിരുന്നു. എന്നാൽ പുതിയ സർക്കാർ അധികാരമേറ്റതോടെ, തന്റെ ഔദ്യോഗിക പ്രൊഫൈലിൽ ’15-ാംമത്തെയും 16-ാംമത്തെയും 17-ാംമത്തെയും നിയമസഭാ കാലത്തെ മുഖ്യമന്ത്രി’ എന്ന് മമത തിരുത്തി. തിരഞ്ഞെടുപ്പ് ഫലത്തോടുള്ള തന്റെ കടുത്ത വിയോജിപ്പ് പരോക്ഷമായി പ്രകടിപ്പിക്കാനാണ് മമത ഇതിലൂടെ ശ്രമിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ബംഗാളിലെ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ (International Court of Justice) സമീപിക്കാൻ മമത ബാനർജി ഒരുങ്ങുന്നതായി ബംഗാളിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, ജനാധിപത്യ സ്ഥാപനങ്ങൾ പക്ഷം പിടിച്ച തിരഞ്ഞെടുപ്പാണ് ബംഗാളിൽ നടന്നതെന്ന് തൃണമൂൽ നേതാവ് അഭിഷേക് ബാനർജി ആവർത്തിച്ചു. തന്റെ സുരക്ഷാ സംവിധാനങ്ങൾ ബി.ജെ.പി പിൻവലിച്ചതായും തൃണമൂൽ പ്രവർത്തകർ വ്യാപകമായി ആക്രമിക്കപ്പെടുകയാണെന്നും മമത ആരോപിച്ചു. “ഞാൻ അധികാരത്തിലിരുന്നപ്പോൾ ആരും ആക്രമിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു, എന്നാൽ ഇന്ന് എന്റെ പ്രവർത്തകർ ക്രൂരമായി വേട്ടയാടപ്പെടുകയാണ്,” എന്ന് മമത പരിതപിച്ചു. അതേസമയം, ബംഗാളിലെ വിജയം ദേശീയതലത്തിൽ വലിയ ആഘോഷമാക്കാനാണ് ബി.ജെ.പി നീക്കം. വരും ദിവസങ്ങളിൽ ബംഗാളിലെ രാഷ്ട്രീയ സാഹചര്യം കൂടുതൽ കലുഷിതമാകുമെന്നാണ് സൂചനകൾ.



