മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം മങ്കടയിൽ അപ്രതീക്ഷിതമായി ഉണ്ടായ ഇടിമിന്നലിൽ നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. മങ്കട പന്തല്ലൂർ മലയിലെ വ്യൂ പോയിന്റ് സന്ദർശിക്കാനെത്തിയ ആറംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ പെയ്ത കനത്ത മഴയ്ക്കിടെയാണ് അപകടമുണ്ടായത്. മലയിൽ വെള്ളില സ്വദേശികളായ ഫഹീസ് (20), ബഹാസ് (18), സിയാദ് (18), ഫഹദ് (22) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന റോഷൻ, ഇഷ്ഹാത്ത് എന്നിവർക്ക് പരിക്കേറ്റു.

വൈകുന്നേരത്തെ പ്രകൃതിഭംഗി ആസ്വദിക്കാനായി മലമുകളിലെത്തിയതായിരുന്നു വിദ്യാർത്ഥികൾ. അപ്രതീക്ഷിതമായുണ്ടായ ശക്തമായ ഇടിമിന്നലേറ്റ് നാലുപേരും സംഭവസ്ഥലത്തുതന്നെ കുഴഞ്ഞുവീഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും സന്നദ്ധപ്രവർത്തകരും ഉടൻതന്നെ ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലുപേരുടെയും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ റോഷനും ഇഷ്ഹാത്തും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മരിച്ച വിദ്യാർത്ഥികൾ അടുത്ത സുഹൃത്തുക്കളും അയൽവാസികളുമാണ്. പന്തല്ലൂർ മലയിലെ വ്യൂ പോയിന്റിൽ സന്ദർശകർക്കായി സുരക്ഷാ സംവിധാനങ്ങൾ വേണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പന്തല്ലൂർ മലയിലും പരിസരപ്രദേശങ്ങളിലും കനത്ത ശോകമൂകമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ വേനൽമഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

 

Related Articles

- Advertisement -spot_img

Latest Articles