മാനവികതയുടെ കാവലാളുകൾക്ക് ആദരം; ജുബൈലിൽ  നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു

ജുബൈൽ: ലോകമെമ്പാടുമുള്ള നഴ്സുമാരുടെ നിസ്തുലമായ സേവനങ്ങളെ സ്മരിച്ചുകൊണ്ട് ജുബൈൽ മലയാളി സമാജം ലേഡീസ് വിംഗും കിംസ് ഹോസ്പിറ്റലും സംയുക്തമായി അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു. കിംസ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് നഴ്സുമാരുടെ ആത്മാർത്ഥതയ്ക്കും സമർപ്പണത്തിനും ആദരവ് അർപ്പിക്കുന്ന വേദിയായി മാറി.

മലയാളി സമാജം ലേഡീസ് വിംഗ് പ്രസിഡന്റ് ആശ ബൈജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
കിംസ് ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ് ജോയ്‌സി പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യരംഗത്തിന്റെ നെടുംതൂണുകളായ നഴ്സുമാർ സ്നേഹത്തിലൂടെയും കരുതലിലൂടെയുമാണ് ഓരോ മനുഷ്യജീവിതത്തിനും ആശ്വാസമാകുന്നതെന്നും, കർത്തവ്യബോധത്തോടെ സേവനം അനുഷ്ഠിക്കുന്ന ഇവരെ സമൂഹം എപ്പോഴും ആദരിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

ജുബൈൽ ജനറൽ ഹോസ്പിറ്റൽ, അൽമന ഹോസ്പിറ്റൽ, റോയൽ കമ്മീഷൻ ഹോസ്പിറ്റൽ, മുഅസത് ഹോസ്പിറ്റൽ, കിംസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ നഴ്സുമാരും വിവിധ സ്ഥാപനങ്ങളിലെ ഇൻഡസ്ട്രിയൽ നഴ്സുമാരും പരിപാടിയിൽ പങ്കെടുത്തു. വിവിധ ആരോഗ്യകേന്ദ്രങ്ങളിൽ നിന്നുള്ള നഴ്സുമാരെ ഒരേ വേദിയിൽ അണിനിരത്തിയ ആഘോഷം എല്ലാവർക്കും ഹൃദ്യമായ അനുഭവമായി മാറി.

ചടങ്ങിൽ സിസ്റ്റർമാരായ ലിനി, ധന്യ, എൽസി, മറിയാമ്മ, ബിബി, ചിത്രലേഖ എന്നിവരും ഇൻഡസ്ട്രിയൽ നഴ്സുമാരായ പ്രദീപ്, ജിനീഷ് എന്നിവരും തങ്ങളുടെ ഔദ്യോഗിക ജീവിതത്തിലെ വെല്ലുവിളികളും അനുഭവങ്ങളും പങ്കുവെച്ച് സംസാരിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന കേക്ക് മുറിക്കലും ഉപഹാര സമർപ്പണവും ചടങ്ങിന് മാറ്റുകൂട്ടി.

ലേഡീസ് വിംഗ് എക്സിക്യൂട്ടീവ് അംഗങ്ങളായ ശരണ്യ, ഫാത്തിമ, ഫരീദ, ബിനു, മഞ്ജു, ഗീതു, ഷൈഖാ, സിസ്റ്റർ എൽസി, ധന്യ, ബിബി എന്നിവർ ചേർന്ന് നഴ്സുമാർക്കുള്ള സ്നേഹോപഹാരങ്ങൾ വിതരണം ചെയ്തു. മലയാളി സമാജം ഭാരവാഹികളായ ബൈജു അഞ്ചൽ, സന്തോഷ് ചക്കിങ്ങൽ, മുബാറക്, എബി ജോൺ, ഷജീർ തച്ചൻപാറ, നവീൻ എന്നിവർ സന്നിഹിതരായി.

സെക്രട്ടറി നീതു രാജേഷ് സ്വാഗതവും
സിനി സന്തോഷ് നന്ദിയും രേഖപ്പെടുത്തി.

Related Articles

- Advertisement -spot_img

Latest Articles