അബുദാബി: യു.എ.ഇയിലെ അബുദാബിയിലുള്ള അൽ ദഫ്ര മേഖലയിൽ സ്ഥിതി ചെയ്യുന്ന ബറാക്ക ആണവോർജ്ജ നിലയത്തിന് നേരെ ഞായറാഴ്ച ഡ്രോൺ ആക്രമണമുണ്ടായി. ആക്രമണത്തെത്തുടർന്ന് നിലയത്തിന്റെ ഉൾപ്രദേശത്തിന് പുറത്തുള്ള ഒരു ഇലക്ട്രിക്കൽ ജനറേറ്ററിന് തീപിടിച്ചതായി അബുദാബി മീഡിയ ഓഫീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും തീപിടുത്തം ഉടനടി നിയന്ത്രണവിധേയമാക്കിയതായും അധികൃതർ വ്യക്തമാക്കി.
ആണവനിലയത്തിന്റെ സുപ്രധാന സംവിധാനങ്ങളെ ബാധിക്കാത്ത രീതിയിലാണ് തീപിടുത്തമുണ്ടായതെന്നും പ്രദേശത്തെ റേഡിയോആക്ടീവ് സുരക്ഷാ അളവുകളിൽ യാതൊരുവിധ മാറ്റവുമില്ലെന്നും യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ അറിയിച്ചു. പ്ലാന്റിന്റെ പ്രധാന ഭാഗങ്ങളെല്ലാം സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. മേഖലയിൽ നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അതീവ സുരക്ഷാ പ്രാധാന്യമുള്ള ആണവനിലയത്തിന് നേരെയുണ്ടായ ഈ ആക്രമണത്തെ രാജ്യാന്തര സമൂഹം അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, മുൻപും യു.എ.ഇയിലെ വിമാനത്താവളങ്ങൾക്കും തുറമുഖങ്ങൾക്കും നേരെ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഒരു ആണവനിലയത്തിന് നേരെ ഇത്തരമൊരു നീക്കമുണ്ടാകുന്നത് ഇതാദ്യമായാണ്. സംഭവത്തെത്തുടർന്ന് യു.എ.ഇ രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്



