കാത്തിരിപ്പിന് വിരാമം: അബ്ദുൽ റഹീം ചൊവ്വാഴ്ച ജയിൽ മോചിതനാകും; ഉടനെ നാട്ടിലെത്തിക്കാൻ തീവ്രശ്രമം

കോഴിക്കോട്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ ദീർഘകാലമായി റിയാദ് ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം ഉടൻ മോചിതനാകും. ശിക്ഷാകാലാവധി അവസാനിക്കുന്ന വരും ചൊവ്വാഴ്ച അദ്ദേഹം ജയിൽ മോചിതനായാൽ, അടുത്ത മൂന്ന് ദിവസത്തിനകം നാട്ടിലെത്തിക്കാനാണ് ശ്രമമെന്ന് റഹീം നിയമസഹായ കമ്മിറ്റി, നിയമസഹായ ട്രസ്റ്റ് ഭാരവാഹികളും കുടുംബാംഗങ്ങളും അറിയിച്ചു. റഹീമിന്റെ വീട്ടിൽ വിളിച്ചുചേർത്ത സംയുക്ത വാർത്താസമ്മേളനത്തിലാണ് ഈ ആശ്വാസ വാർത്ത പങ്കുവെച്ചത്.

റിയാദ് ക്രിമിനൽ കോടതി 2024 ജൂലൈ രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. വിധി വന്നതിന് പിന്നാലെ, ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങുന്നവർ പാലിക്കേണ്ട സങ്കീർണ്ണമായ നിയമക്കുരുക്കുകളെല്ലാം മുൻകൂട്ടി തീർപ്പാക്കാൻ കഴിഞ്ഞതാണ് റഹീമിന്റെ പെട്ടെന്നുള്ള മോചനത്തിന് വഴിതുറന്നത്. ചൊവ്വാഴ്ച ജയിലിൽ നിന്ന് ഇറങ്ങുന്ന മുറയ്ക്ക് എംബസി മുഖേന ടിക്കറ്റ് ലഭ്യമായാൽ നാട്ടിലേക്കുള്ള യാത്രയ്ക്ക് മറ്റ് തടസ്സങ്ങളുണ്ടാകില്ല. വലിയ പെരുന്നാൾ പ്രമാണിച്ച് വ്യാഴാഴ്ച മുതൽ റിയാദ് കോടതികൾക്ക് 15 ദിവസത്തെ അവധി ആരംഭിക്കുന്നതിനാൽ, അതിനുമുമ്പ് തന്നെ മോചനം സാധ്യമാക്കാനുള്ള നീക്കത്തിലാണ് അധികൃതർ.

2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്റെ മരണവുമായി ബന്ധപ്പെട്ട് അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. സ്പോൺസറുടെ ചലനശേഷിയില്ലാത്ത മകനുമായി കാറിൽ സഞ്ചരിക്കുമ്പോൾ, റഹീമിന്റെ കൈ അബദ്ധത്തിൽ ബാലന്റെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന പ്രത്യേക ഉപകരണത്തിൽ തട്ടുകയും ബോധരഹിതനായ കുട്ടി മരണപ്പെടുകയുമായിരുന്നു. തുടർന്ന് കൊലപാതകക്കുറ്റം ചുമത്തി 2012-ൽ റിയാദ് കോടതി റഹീമിന് വധശിക്ഷ വിധിച്ചു. ഒരു പതിറ്റാണ്ടിനുശേഷം റഹീമിന്റെ മോചനത്തിനായി രൂപീകരിച്ച സഹായ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ലോകമെമ്പാടുമുള്ള മലയാളികൾ ചേർന്ന് ദിവസങ്ങൾക്കകം 47 കോടി രൂപ സമാഹരിച്ചത് പ്രവാസി ചരിത്രത്തിലെ സമാനതകളില്ലാത്ത സംഭവമായിരുന്നു. ഇതിൽ നിന്ന് സൗദി ബാലന്റെ കുടുംബത്തിന് 34 കോടി രൂപ ദിയാധനം (മോചനദ്രവ്യം) നൽകിയതോടെയാണ് കോടതി വധശിക്ഷ ഒഴിവാക്കിയത്.

വാർത്താസമ്മേളനത്തിൽ കമ്മിറ്റി ഭാരവാഹികളായ അഷ്റഫ് വേങ്ങാട്ട്, കെ. സുരേഷ്, കെ.കെ. ആലിക്യട്ടി, നാസർ കാരാന്തൂർ, എം. മൊയ്തീൻകോയ, മജീദ് അമ്പലക്കണ്ടി, കെ.പി. അബ്ദുൽ സമദ് എന്നിവരും റഹീമിന്റെ സഹോദരൻ നസീർ കോടമ്പുഴയും മറ്റ് കുടുംബാംഗങ്ങളും പങ്കെടുത്തു.

 

Related Articles

- Advertisement -spot_img

Latest Articles