വാഷിങ്ടൺ: അമേരിക്കയിലെ ഇഡാഹോയിലുള്ള മൗണ്ടൻ ഹോം എയർഫോഴ്സ് ബേസിൽ നടന്ന എയർഷോയ്ക്കിടെ രണ്ട് യുദ്ധവിമാനങ്ങൾ ആകാശത്തുവെച്ച് കൂട്ടിയിടിച്ച് വൻ അപകടം. യു.എസ് നാവികസേനയുടെ ഇ.എ-18ജി ഗ്രൗളർ (EA-18G Growler) വിഭാഗത്തിൽപ്പെട്ട രണ്ട് യുദ്ധവിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. വ്യോമപ്രകടനത്തിനിടെയുണ്ടായ നടുക്കുന്ന അപകടത്തിൽ നിന്ന് ഇരു വിമാനങ്ങളിലുമുണ്ടായിരുന്ന നാല് ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. പാരച്യൂട്ട് വഴി പുറത്തേക്ക് ചാടിയ പൈലറ്റുമാർ ഉൾപ്പെടെ ആർക്കും പരിക്കുകളില്ലെന്ന് സൈനിക അധികൃതർ അറിയിച്ചു. വിമാനങ്ങൾ ആകാശത്തുവെച്ച് കൂട്ടിയിടിക്കുന്നതിന്റെയും പൈലറ്റുമാർ എജക്ട് ചെയ്ത് രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇരു സീറ്റുകളുള്ള ജെറ്റ് വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. എയർഷോയിലെ പ്രകടനത്തിനിടെ മുകളിലുണ്ടായിരുന്ന വിമാനം താഴത്തെ വിമാനത്തിൽ കുരുങ്ങുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട വിമാനങ്ങൾ ഇരുദിശകളിലേക്കുമായി കുത്തനെ നിന്ന സമയത്താണ് പൈലറ്റുമാർ സമയോചിതമായി പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് ചാടിയത്. വിമാനങ്ങൾ നിലത്തുപതിച്ചയുടൻ വലിയ സ്ഫോടനത്തോടെ തീപിടിക്കുകയും പൂർണ്ണമായി കത്തിയമരുകയും ചെയ്തു.
രക്ഷപ്പെട്ട പൈലറ്റുമാരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. വ്യോമപ്രകടനം കാണാനെത്തിയ കാണികൾക്കോ എയർബേസിലെ മറ്റ് ജീവനക്കാർക്കോ അപകടത്തിൽ പരിക്കേറ്റിട്ടില്ലെന്നത് വലിയ ആശ്വാസമായി. അപകടത്തെ തുടർന്ന് മൗണ്ടൻ ഹോം എയർഫോഴ്സ് ബേസ് ഉടനടി അടച്ചുപൂട്ടുകയും എയർഷോ പൂർണ്ണമായി റദ്ദാക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് സൈന്യം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



