വോയ്‌സ് ഓഫ് ജുബൈൽ ഈദ് സ്‌പെഷ്യൽ സ്റ്റേജ് ഷോ ‘ലെറ്റ്‌സ് ഗെറ്റ് ടുഗെദർ’ സംഘടിപ്പിച്ചു.

ജുബൈൽ: സൗദി അറേബ്യയിലെ അൽ ജുബൈലിൽ പ്രവാസി മലയാളി കൂട്ടായ്മയായ “വോയിസ്‌ ഓഫ് ജുബൈൽ, എ ഫാമിലി ഫിയേസ്റ്റ ഓഫ് മ്യൂസിക് ആൻഡ് ജോയ് ”യുടെ ആഭിമുഖ്യത്തിൽ ഈദ് സ്പെഷ്യൽ സ്റ്റേജ് ഷോയായ “ലേട്സ് ഗെറ്റ് ടുഗെതർ” വിപുലമായ ആഘോഷങ്ങളോടെ സംഘടിപ്പിച്ചു.

സംഗീതവും നൃത്തവും നിറഞ്ഞ വർണാഭമായ കലാപരിപാടികൾ കൊണ്ട് സമ്പന്നമായിരുന്ന വേദി ജുബൈലിലെ പ്രവാസി സമൂഹത്തിന് മനോഹരമായ ഒരു ദൃശ്യ-ശ്രാവ്യ അനുഭവമായി മാറി. പ്രായഭേദമന്യേ ആർക്കും തങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും വളർത്തിയെടുക്കാനും അവസരമൊരുക്കിയ പരിപാടിയിൽ അറുപതിലധികം വ്യത്യസ്ത കലാരൂപങ്ങളാണ് അരങ്ങേറിയത്.

ഒൻപത് വർഷങ്ങൾക്ക് മുൻപ് റോബിൻസൺ നാടാറും സരിത റോബിൻസണും ചേർന്ന് തുടക്കം കുറിച്ച വോയിസ്‌ ഓഫ് ജുബൈൽ, നിലവിൽ ജുബൈലിലെ ശ്രദ്ധേയമായ സാംസ്കാരിക കൂട്ടായ്മകളിലൊന്നായി മാറി കഴിഞ്ഞു. നൃത്ത-സംഗീത പരിപാടികൾക്ക് പുറമെ, എല്ലാത്തരം കലാരൂപങ്ങൾക്കും അർഹമായ പ്രോത്സാഹനവും വേദിയും നൽകി വരുന്നു. ബെൻസൺ സി. സാമൂവൽ, മഹേഷ്‌ വിനായക്, നീതു രാജേഷ്, മഞ്ജു ബെൻസൺ, ധന്യ ഫെബിൻ, ദിനു ജോസ്, അമ്പിളി ദിനു, മാത്യു ഫെർണാണ്ട്‌സ്, ഗിരീഷ് ഭട്ട് എന്നിവരാണ് പ്രധാന ഭാരവാഹികൾ.

ബെൻസൺ സി. സാമൂവൽ അവതാരകനായ ചടങ്ങിൽ മഞ്ജു ബെൻസൺ പ്രോഗ്രാം കോർഡിനേഷനും, നീതു രാജേഷ് സ്റ്റേജ് കോർഡിനേഷനും, മഹേഷ്‌ വിനായക് മീഡിയ കോർഡിനേഷനും നിർവഹിച്ചു.

Related Articles

- Advertisement -spot_img

Latest Articles