പത്തനംതിട്ട: എ.ഡി.എം നവീൻ ബാബുവിന്റെ മരണം അന്വേഷിക്കുന്നതിനായി സി.ബി.ഐയെ ഏൽപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നടപടിയെ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ സ്വാഗതം ചെയ്തു. തീരുമാനം ആശ്വാസകരമാണെന്ന് പറഞ്ഞ മഞ്ജുഷ, മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽക്കണ്ട് സംസാരിച്ചപ്പോൾ ലഭിച്ച പോസിറ്റീവ് മറുപടിക്ക് ശേഷം സി.ബി.ഐ അന്വേഷണത്തിലേക്ക് ഇത്ര വേഗത്തിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാൽ ഈ തീരുമാനത്തിൽ തനിക്ക് വലിയ പ്രതീക്ഷയുണ്ടെന്നും വ്യക്തമാക്കി. നവീൻ ബാബുവിന്റെ മരണത്തെത്തുടർന്ന് ആദ്യഘട്ടത്തിൽ നടന്ന അന്വേഷണം ശരിയായ രീതിയിലായിരിക്കുമെന്ന് കരുതിയിരുന്നെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കണ്ടതോടെ അന്വേഷണത്തിൽ പാളിച്ചകളുണ്ടെന്ന് ബോധ്യപ്പെട്ടതായി സഹോദരൻ പ്രവീൺ ബാബുവും അഭിപ്രായപ്പെട്ടു. മുൻപ് സർക്കാർ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും, പമ്പിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്താത്തതുൾപ്പെടെയുള്ള വീഴ്ചകൾ പരിഹരിച്ച് നിഷ്പക്ഷമായ അന്വേഷണം നടക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ആദ്യമായാണ് ഒരു കേസ് സി.ബി.ഐ അന്വേഷണത്തിന് വിടുന്നത്, ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം സർക്കാർ ഉടൻ പുറത്തിറക്കും. കുടുംബത്തിന്റെ ആവശ്യവും പൊലീസ് അന്വേഷണത്തിലുള്ള അതൃപ്തിയും പരിഗണിച്ചാണ് ഈ നടപടി. നിലവിൽ പി.പി. ദിവ്യയാണ് ഈ കേസിലെ ഏക പ്രതി. പൊലീസിന്റെ തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നെങ്കിലും, കുടുംബം നൽകിയ ഹർജിയിൽ 13 പിഴവുകൾ ചൂണ്ടിക്കാട്ടി കോടതി നേരത്തെ തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് കുടുംബം നടത്തുന്നതെന്ന് പ്രതിഭാഗം ആരോപിക്കുന്നു. കേസ് ഇനി സി.ബി.ഐ ആണ് മുന്നോട്ട് കൊണ്ടുപോകേണ്ടത്.



