ഐ.പി.എൽ കിരീടം നിലനിർത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു: ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ തകർത്തു

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഐ.പി.എൽ ഫൈനൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർ.സി.ബി) തുടർച്ചയായ രണ്ടാം സീസണിലും കിരീടം സ്വന്തമാക്കി. 156 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആർ.സി.ബി 18 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കൈവരിച്ചു. 42 പന്തിൽ പുറത്താകാതെ 75 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ടീമിന്റെ വിജയശില്പിയായത്. തന്റെ ഐ.പി.എൽ കരിയറിലെ ഏറ്റവും വേഗതയേറിയ അർധസെഞ്ചുറി ഫൈനലിൽ കുറിച്ച കോഹ്ലി, അർഷദ് ഖാൻ എറിഞ്ഞ 18-ാം ഓവറിലെ സിക്സറിലൂടെയും ഫോറിലൂടെയുമാണ് വിജയറൺ കുറിച്ചത്. വെങ്കിടേഷ് അയ്യർ (32), ടിം ഡേവിഡ് (24) എന്നിവർ കോഹ്ലിക്ക് മികച്ച പിന്തുണ നൽകി. ഓപ്പണിങ് കൂട്ടുകെട്ട് പവർപ്ലേയിൽ തന്നെ ആർ.സി.ബിക്ക് നിർണായക മേൽക്കൈ നൽകി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടാനേ സാധിച്ചുള്ളൂ. 37 പന്തിൽ 50 റൺസുമായി പുറത്താകാതെ നിന്ന വാഷിങ്ടൺ സുന്ദറാണ് ഗുജറാത്തിന്റെ ടോപ് സ്കോററായതെങ്കിലും, പവർപ്ലേയിൽ തന്നെ ഗില്ലിനെയും (10) സായ് സുദർശനെയും (12) നഷ്ടമായത് ടീമിന് വലിയ തിരിച്ചടിയായി. നിഷാന്ത് സിന്ധു (20), ജോസ് ബട്‌ലർ (19) എന്നിവർ ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും ആർ.സി.ബി ബൗളർമാർക്ക് മുന്നിൽ അവർക്ക് പിടിച്ചുനിൽക്കാനായില്ല. ഫൈനലിൽ ബൗളർമാർ നിർണായക പങ്കുവഹിച്ചപ്പോൾ, റാസിഖ് സലാം മൂന്ന് വിക്കറ്റുകളും ഭുവനേശ്വർ കുമാർ, ജോഷ് ഹെയ്സൽവുഡ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി ഗുജറാത്തിനെ ചെറിയ സ്കോറിൽ ഒതുക്കി.

 

Related Articles

- Advertisement -spot_img

Latest Articles