ഉംറ വിസകൾ വീണ്ടും അനുവദിച്ചു തുടങ്ങി; തീർത്ഥാടകർക്ക് സഊദിയിൽ എവിടെയും സന്ദർശിക്കാം

മക്ക: ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് താൽക്കാലികമായി നിർത്തിവെച്ചിരുന്ന ഉംറ വിസകൾ സഊദി അറേബ്യ വീണ്ടും അനുവദിച്ചു തുടങ്ങി. ഇന്ത്യ ഉൾപ്പെടെ ലോകത്തിലെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള തീർത്ഥാടകർക്കായി ശനിയാഴ്ച അർധരാത്രി മുതൽ വിസ സേവനങ്ങൾ ലഭ്യമായിട്ടുണ്ട്. പുതിയ സീസണിൽ അനുവദിക്കുന്ന ഈ വിസകൾക്ക് മൂന്ന് മാസത്തെ കാലാവധിയാണുള്ളത്. മലയാളി തീർത്ഥാടകർക്കും വിസകൾ ലഭ്യമായി തുടങ്ങിയ കാര്യം പ്രമുഖ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്.

പുതിയ വിസയിൽ എത്തുന്നവർക്ക് മക്ക, മദീന എന്നീ പുണ്യനഗരങ്ങൾക്ക് പുറമെ സഊദിയിലെ ഏത് നഗരങ്ങളിലും സന്ദർശനം നടത്താൻ അനുവാദമുണ്ട്. കൂടാതെ, രാജ്യത്തെ ഏത് വിമാനത്താവളങ്ങൾ വഴിയും തീർത്ഥാടകർക്ക് സഊദിയിലേക്ക് പ്രവേശിക്കാനും തിരികെ യാത്ര ചെയ്യാനും സൗകര്യമുണ്ട്. 90 ദിവസത്തെ കാലാവധി പൂർത്തിയാകുന്നതിന് മുൻപായി തീർത്ഥാടകർ നിർബന്ധമായും രാജ്യം വിടണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

പ്രവാസികൾക്കായി പുതിയ വിസാനിയമങ്ങളിൽ പ്രത്യേക ഇളവുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. സഊദിയിൽ താമസ വിസയുള്ളവർക്ക് (ഇഖാമ ഹോൾഡർമാർ) തങ്ങളുടെ ബന്ധുക്കളെ ഉംറയ്ക്കായി കൊണ്ടുവരുന്നതിനായി സ്വന്തമായി ഒരേസമയം അഞ്ച് വിസകൾ വരെ അപേക്ഷിക്കാവുന്നതാണ്. ഇഖാമ വഴിയല്ലാതെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അംഗീകൃത ഉംറ ഏജൻസികൾ മുഖേന മുൻപത്തെപ്പോലെ ഗ്രൂപ്പായും വിസയ്ക്ക് ശ്രമിക്കാവുന്നതാണ്

 

Related Articles

- Advertisement -spot_img

Latest Articles