വിപുൽ സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡർ; സുഹൈൽ ഖാൻ മടങ്ങുന്നു

റിയാദ്: സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിലവിലെ ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി വിപുലിനെ നിയമിച്ചു. റിയാദിൽ സേവനമനുഷ്ഠിക്കുന്ന അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ കാലാവധി പൂർത്തിയാക്കി മടങ്ങുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നിയമനം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ച വൈകിട്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു. പുതിയ ഉത്തരവ് നിലവിൽ വന്നതോടെ വിപുൽ ഉടൻ തന്നെ റിയാദിലെത്തി ഔദ്യോഗികമായി ചുമതലയേൽക്കും. ഖത്തറിലെ മികച്ച നയതന്ത്ര സേവനത്തിന് ശേഷമാണ് അദ്ദേഹത്തിന് ഇപ്പോൾ സൗദി അറേബ്യയിലേക്ക് നിർണായകമായ ഈ സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത്. 2023 മുതൽ സൗദിയിൽ സേവനമനുഷ്ഠിക്കുന്ന മധ്യപ്രദേശ് സ്വദേശിയായ ഡോ. സുഹേൽ അജാസ് ഖാൻ ഉടൻ തന്നെ ഇന്ത്യയിലേക്ക് മടങ്ങും.

1998 ബാച്ച് ഐ.എഫ്.എസ് (IFS) ഉദ്യോഗസ്ഥനായ ബിഹാർ സ്വദേശി വിപുൽ, കെയ്‌റോ, കൊളംബോ, ജനീവ, ദുബൈ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിൽ വിജയകരമായി സേവനമനുഷ്ഠിച്ചിട്ടുള്ള പ്രഗത്ഭനായ നയതന്ത്രജ്ഞനാണ്. തന്റെ ഔദ്യോഗിക ജീവിതത്തിൽ രാഷ്ട്രീയം, വാണിജ്യം, വികസനം, നിരായുധീകരണം, അന്താരാഷ്ട്ര സുരക്ഷ, മാധ്യമം തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ അദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രധാനപ്പെട്ട പല പദവികളും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. 2014 മുതൽ 2017 വരെ ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ ഡയറക്ടർ / ജോയിന്റ് സെക്രട്ടറിയായും, 2017 മുതൽ 2020 വരെ ദുബൈയിലെ ഇന്ത്യൻ കോൺസൽ ജനറലായും അദ്ദേഹം പ്രവർത്തിച്ചു. തുടർന്ന് 2020 മുതൽ 2023 വരെ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറി (ഗൾഫ്) പദവിയിലിരുന്ന ശേഷമാണ് 2023 ഓഗസ്റ്റ് 17-ന് ഖത്തറിലെ ഇന്ത്യൻ അംബാസഡറായി അദ്ദേഹം ചുമതലയേറ്റത്. 1994-ൽ ഐ.ഐ.ടി (IIT) ഡൽഹിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും, ഹൈദരാബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എം.ബി.എയും നേടിയ അദ്ദേഹത്തിന്റെ ഈ ദീർഘകാല പരിചയസമ്പത്ത് സൗദി-ഇന്ത്യ ഉഭയകക്ഷി ബന്ധത്തിന് കൂടുതൽ കരുത്തുപകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles