സി.ബി.എസ്.ഇ വീഴ്ച: ‘ഉദ്യോഗസ്ഥരെ ബലിയാടാക്കി മന്ത്രിയെ രക്ഷിക്കുന്നു’; ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന് പ്രതിപക്ഷം

ന്യൂഡൽഹി: സി.ബി.എസ്.ഇ പരീക്ഷ നടത്തിപ്പിലും ഡിജിറ്റൽ മൂല്യനിർണ്ണയത്തിലും (ഓൺ-സ്‌ക്രീൻ മാർക്കിങ്) ഉണ്ടായ ഗുരുതരമായ പിഴവുകളെ തുടർന്ന് ബോർഡ് ചെയർമാൻ രാഹുൽ സിങ്, സെക്രട്ടറി ഹിമാൻഷു ഗുപ്ത എന്നിവരെ തൽസ്ഥാനത്തുനിന്ന് അടിയന്തരമായി സ്ഥലം മാറ്റിക്കൊണ്ട് കേന്ദ്ര സർക്കാർ മുഖംരക്ഷിക്കൽ നടപടി സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരമാണ് ഈ അടിയന്തര നടപടിയുണ്ടായത്. പരീക്ഷാ ഫലം പുറത്തുവന്നതിന് പിന്നാലെ, റീവാല്യുവേഷൻ വേളയിൽ ലഭിച്ച ഉത്തരക്കടലാസുകൾ തങ്ങളുടേതല്ലെന്ന് കാട്ടി വിദ്യാർത്ഥികൾ രംഗത്തുവന്നതോടെയാണ് രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയർന്നത്. ഈ മൂല്യനിർണ്ണയ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ കപ്പാസിറ്റി ബിൽഡിങ് കമീഷൻ (സി.ബി.സി) ചെയർപേഴ്സൺ എസ്. രാധാ ചൗഹാന്റെ നേതൃത്വത്തിൽ ഏകാംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഒരു മാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കണം.

എന്നാൽ, പരീക്ഷാ നടത്തിപ്പിലെ ഈ വലിയ പരാജയത്തിന് പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ മാത്രം നടപടിയെടുത്തത് യഥാർത്ഥ ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ സംരക്ഷിക്കാനാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ഉദ്യോഗസ്ഥരെ മാറ്റി മന്ത്രിയെ രക്ഷിക്കുന്ന ഇത്തരം ഒളിച്ചുകളികൾ യഥാർത്ഥ ഉത്തരവാദിത്തമല്ലെന്നും, വിദ്യാഭ്യാസ മന്ത്രിയെ എത്രയും പെട്ടെന്ന് പുറത്താക്കി സ്വതന്ത്രമായ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും രാഹുൽ ഗാന്ധി എക്സിലൂടെ (X) ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ജീവിതവുമായി ബന്ധപ്പെട്ട ഈ വിഷയത്തിൽ പ്രധാനമന്ത്രിക്ക് യഥാർത്ഥത്തിൽ ആശങ്കയുണ്ടായിരുന്നെങ്കിൽ ധർമേന്ദ്ര പ്രധാനെ നേരത്തെ തന്നെ സ്ഥാനത്തുനിന്ന് നീക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമാനമായ രീതിയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശും രംഗത്തെത്തിയിട്ടുണ്ട്. പാർലമെന്ററി സമിതിയുമായുള്ള സി.ബി.എസ്.ഇ ബോർഡിന്റെ യോഗം കഴിഞ്ഞയുടൻ പുറത്തുവന്ന ഈ സ്ഥലംമാറ്റ നടപടി, ജനശ്രദ്ധ തിരിച്ചുവിടാനും രാഷ്ട്രീയ നേതൃത്വത്തിന് പകരം ഉദ്യോഗസ്ഥർക്കുമേൽ മാത്രം കുറ്റം കെട്ടിവെക്കാനുമുള്ള ബോധപൂർവമായ ശ്രമമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അന്വേഷണത്തിനായി ഏകാംഗ സമിതിയെ നിയോഗിച്ചത് തന്നെ ക്രമക്കേടുകൾ നടന്നു എന്നതിന്റെ വ്യക്തമായ തെളിവാണെന്നും, അഴിമതി നിറഞ്ഞ ഭരണസംവിധാനത്തിന് നേതൃത്വം നൽകുന്ന വിദ്യാഭ്യാസ മന്ത്രി പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒപ്പം, ഈ വലിയ അഴിമതി ഓൺലൈനിലൂടെ നിരന്തരം തുറന്നുകാട്ടിയ പുതിയ തലമുറയിലെ (ജെൻസി) വിദ്യാർത്ഥികളുടെ പോരാട്ടവീര്യത്തിന് ലഭിച്ച അംഗീകാരമാണിതെന്നും ജയ്റാം രമേശ് ഓർമ്മിപ്പിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles