തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ, പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. ശക്തമായ അവകാശവാദവുമായി മുന്നോട്ട് വന്ന സി.പി.ഐക്ക് നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവി നൽകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അസന്ദിഗ്ദ്ധമായി വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതൃസ്ഥാനം ഉണ്ടായ കാലം മുതൽ അത് കൈവശം വെക്കുന്നത് സി.പി.എം ആണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ, അർഹമായ ഈ പദവി ലഭിച്ചില്ലെങ്കിൽ ‘വിഷമകരമായ’ മറ്റ് തീരുമാനങ്ങളിലേക്ക് കടക്കേണ്ടി വരുമെന്ന കടുത്ത ഭീഷണി സി.പി.ഐ ഉയർത്തുമ്പോഴാണ്, ഒരിഞ്ചും വിട്ടുവീഴ്ചയ്ക്കില്ലെന്ന പ്രഖ്യാപനവുമായി സി.പി.എം നിലപാട് കടുപ്പിക്കുന്നത്.
നിയമസഭയിൽ നിലവിൽ സി.പി.എമ്മിന് 26-ഉം സി.പി.ഐക്ക് 8-ഉം ആർ.ജെ.ഡിക്ക് ഒന്നും ഉൾപ്പെടെ ആകെ 35 എം.എൽ.എമാരാണുള്ളത്. സമീപകാല ചരിത്രത്തിലെ ഏറ്റവും ശുഷ്കമായ ഈ പ്രതിപക്ഷ നിരയിൽ തങ്ങൾക്ക് അർഹമായ മാന്യത വേണമെന്നാണ് സി.പി.ഐയുടെ പ്രധാന ആവശ്യം. തങ്ങളുടെ മുതിർന്ന നേതാവ് കെ. രാജനെ പ്രതിപക്ഷ ഉപനേതാവാക്കണമെന്ന് സി.പി.ഐ ഔദ്യോഗികമായി ആവശ്യപ്പെടുന്നുണ്ട്. ഈ വിഷയത്തിൽ അനുകൂലമായ ഒരു തീരുമാനം ഉണ്ടാകാതെ മുന്നണിയുടെ പാർലമെന്ററി പാർട്ടി യോഗം വിളിച്ചുചേർക്കരുതെന്ന കടുത്ത നിലപാടിലാണ് ഇപ്പോൾ സി.പി.ഐ നേതൃത്വം. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം വന്ന നാൾ മുതൽ സി.പി.ഐ ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും സി.പി.എം ഇത് കേട്ടഭാവം നടിച്ചിട്ടില്ല. മുന്നണിക്ക് അകത്ത് ചർച്ച ചെയ്യേണ്ട കാര്യം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി പറഞ്ഞതിനെ എൽ.ഡി.എഫ് കൺവീനർ നേരത്തെ തന്നെ തള്ളിയിരുന്നു. അതിനുശേഷം ചേർന്ന സി.പി.എം യോഗങ്ങളിലൊന്നും ഈ വിഷയം ചർച്ചയ്ക്ക് വന്നിട്ടുമില്ല.
ഇരുപാർട്ടികളും തമ്മിലുള്ള അകൽച്ച കൂട്ടുന്ന ഒന്നിലധികം നീക്കങ്ങൾ ഇതിനകം ഉണ്ടായിട്ടുണ്ട്. നിലവിൽ സഭയിൽ കെ.എൻ. ബാലഗോപാലാണ് പ്രതിപക്ഷ നിരയിലെ രണ്ടാമനായി ഇരിക്കുന്നത്; സഭയിലെ ആദ്യ അടിയന്തര പ്രമേയം അവതരിപ്പിച്ചതും അദ്ദേഹമായിരുന്നു. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത കാര്യം പോലും തങ്ങളോട് ആലോചിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്തില്ലെന്ന കടുത്ത പരിഭവം സി.പി.ഐക്കുണ്ട്. തെരഞ്ഞെടുപ്പ് തോൽവിക്ക് മുൻപ് തന്നെ ‘പി.എം ശ്രീ’ സ്കൂൾ പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സി.പി.ഐ എടുത്ത വ്യത്യസ്ത നിലപാടുകൾ ഇരുപാർട്ടികളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കിയിരുന്നു. തോൽവിക്ക് ശേഷം ഇത്തരം സമ്മർദ്ദ തന്ത്രങ്ങൾക്ക് ഒട്ടും വഴങ്ങേണ്ടതില്ലെന്ന വികാരമാണ് സി.പി.എം ക്യാമ്പിലുള്ളത്. സഭയിൽ നന്ദിപ്രമേയ ചർച്ചയ്ക്ക് മുൻപായി എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം ചേരണമെങ്കിൽ ഈ തർക്കത്തിൽ ഒരു പരിഹാരം ഉണ്ടാകേണ്ടതുണ്ട്. എന്നാൽ സി.പി.എം നിലപാട് കടുപ്പിച്ചതോടെ ഇടതുമുന്നണിയിൽ വരും ദിവസങ്ങളിൽ രാഷ്ട്രീയപ്പോര് കൂടുതൽ രൂക്ഷമാകുമെന്നുറപ്പാണ്.



