ബെംഗളൂരു: രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (RSS) നിയമപരവും സാമ്പത്തികവുമായ സുതാര്യതയെ ചോദ്യം ചെയ്ത് കത്തയച്ച കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയ്ക്കെതിരെ കടുത്ത ജാതി അധിക്ഷേപ പരാമർശവുമായി ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രമേഷ് ജിഗജിനാഗി എം.പി. “ആർ.എസ്.എസിനെ ചോദ്യം ചെയ്യാൻ ഈ ദലിതന് എന്ത് കാര്യമാണുള്ളത്?” എന്ന ജിഗജിനാഗിയുടെ ചോദ്യമാണ് ഇപ്പോൾ ദേശീയ തലത്തിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിതുറന്നിരിക്കുന്നത്. ആർ.എസ്.എസിനെതിരെ സംസാരിച്ച ആരും ഇതുവരെ രക്ഷപ്പെട്ടിട്ടില്ലെന്നും ജിഗജിനാഗി വിജയാപുരയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ താൻ ബാബാസാഹേബ് ഭീംറാവു അംബേദ്കറുടെ പ്രത്യയശാസ്ത്രം പിന്തുടരുന്ന ആളാണെന്നും ഭീഷണികൾക്ക് മുന്നിൽ ഭയപ്പെടില്ലെന്നും വ്യക്തമാക്കി പ്രിയങ്ക് ഖാർഗെ ഇതിന് ശക്തമായ മറുപടി നൽകി.
ആർ.എസ്.എസിന്റെ നിയമപരമായ രജിസ്ട്രേഷൻ പദവി, ഫണ്ടിംഗ് സ്രോതസ്സുകൾ, വരുമാന-ചെലവ് വിവരങ്ങൾ എന്നിവ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ ആർ.എസ്.എസ മേധാവി മോഹൻ ഭാഗവതിന് തുറന്ന കത്തെഴുതിയിരുന്നു. ഇതിനെതിരെയാണ് ബി.ജെ.പി എം.പി രംഗത്തെത്തിയത്. ഒരു ദലിതനായ പ്രിയങ്ക് ഖാർഗെയ്ക്ക് ആർ.എസ്.എസിനെ ചോദ്യം ചെയ്യാൻ എന്ത് അവകാശമാണുള്ളതെന്നും, സ്വന്തം പിതാവായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്വാനം കൊണ്ടാണ് പ്രിയങ്ക് മന്ത്രിയായതെന്നും ജിഗജിനാഗി പരിഹസിച്ചു. ആർ.എസ്.എസിനെ തൊട്ടുകളിച്ചവർ ആരും അവശേഷിച്ചിട്ടില്ലെന്ന എം.പിയുടെ വാചകം വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
ബി.ജെ.പി എം.പിയുടെ ഈ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രിയങ്ക് ഖാർഗെ പ്രതികരിച്ചത്. ഒരു ദലിതനായ രമേഷ് ജിഗജിനാഗിക്ക് ആർ.എസ്.എസിന്റെ ഉന്നത സമിതികളിൽ പ്രവേശനം ലഭിക്കാത്തതിന്റെ നിരാശയാണോ ഈ വാക്കുകളിലൂടെ പുറത്തുവരുന്നതെന്ന് അദ്ദേഹം ചോദിച്ചു. സാമൂഹികമായ മേധാവിത്വ മനോഭാവമുള്ളവരെ സംരക്ഷിക്കാൻ രൂപീകരിച്ച ഒരു സംഘടനയെ ചോദ്യം ചെയ്യാൻ ഒരു ദലിതന് അവകാശമില്ലെന്നാണോ ബി.ജെ.പി എം.പി അർത്ഥമാക്കുന്നത്? ആർ.എസ്.എസിനെ ചോദ്യം ചെയ്താൽ ജീവനോടെ ബാക്കിയുണ്ടാകില്ലെന്ന ഭീഷണിയിലൂടെ ആർ.എസ്.എസ ഒരു ഭീകര സംഘടനയാണെന്നാണോ അദ്ദേഹം പറയുന്നത് എന്നും ഖാർഗെ തിരിച്ചടിച്ചു. താൻ ഭരണഘടനയുടെ സംരക്ഷണയിലാണ് ജീവിക്കുന്നതെന്നും തന്റെ ധൈര്യവും ബൗദ്ധിക ബോധ്യവും അംബേദ്കറുടെ പ്രത്യയശാസ്ത്രത്തിൽ നിന്നും വരുന്നതാണെന്നും, തങ്ങളുടെ ശരീരത്തിൽ ഓടുന്നത് അംബേദ്കറുടെ ചോരയാണെന്നും ഖാർഗെ കൂട്ടിച്ചേർത്തു.



