കൊച്ചി: പെരുമ്പാവൂരിൽ എറണാകുളം റൂറൽ പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അന്താരാഷ്ട്ര വിപണിയിൽ 18 കോടി രൂപ വിലമതിക്കുന്ന 18 കിലോ ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വൈപ്പിൻ അറുകാട് സ്വദേശിയായ ആയുഷ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സമീപകാലത്ത് എറണാകുളം റൂറൽ ജില്ലയിൽ നടക്കുന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണിതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആയുഷ് വലിയ തോതിൽ ഹൈബ്രിഡ് കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരം ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന് (ഡാൻസാഫ്) ലഭിച്ചതിനെ തുടർന്ന് നടത്തിയ കൃത്യമായ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലാകുന്നത്.
പെരുമ്പാവൂർ മാറമ്പള്ളിയിൽ വെച്ച് ആയുഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ സ്കൂട്ടറിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ഒന്നേകാൽ കിലോ ഹൈബ്രിഡ് കഞ്ചാവ് ആദ്യം കണ്ടെടുത്തു. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പെരുമ്പാവൂരിൽ ഇയാൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ കൂടുതൽ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന നിർണ്ണായക വിവരം പോലീസിന് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഫ്ലാറ്റിൽ ഉടനടി നടത്തിയ റെയ്ഡിൽ 16 കിലോയിലധികം ഹൈബ്രിഡ് കഞ്ചാവ് കൂടി പിടിച്ചെടുക്കുകയായിരുന്നു. ഇതോടെയാണ് പ്രതിയുടെ പക്കൽ നിന്ന് ആകെ 18 കിലോ മാരക ലഹരിമരുന്ന് പോലീസ് കണ്ടെടുത്തത്. ആവശ്യമായ രേഖകളൊന്നും നൽകാതെ, ആറു ദിവസം മുമ്പ് മാത്രമാണ് ആയുഷ് ഈ ഫ്ലാറ്റിൽ താമസം തുടങ്ങിയതെന്നും ഈ ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു ലഹരിമരുന്ന് വിൽപന നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.
കണ്ടെടുത്ത മാരക ലഹരിമരുന്നിന് വിപണിയിൽ ഏകദേശം 18 കോടി രൂപയോളം വിലവരുമെന്ന് റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര വ്യക്തമാക്കി. ഈ വലിയ മയക്കുമരുന്ന് കേസ് ആയുഷിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, പിടിച്ചെടുത്തതിന് പുറമെ കൂടുതൽ അളവിൽ ലഹരിവസ്തുക്കൾ കേരളത്തിലേക്ക് എത്തിയിട്ടുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും, ഈ ഹൈബ്രിഡ് കഞ്ചാവിന്റെ യഥാർത്ഥ ഉറവിടവും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന വിതരണ ശൃംഖലയും കണ്ടെത്താൻ ഡാൻസാഫ് സംഘം അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്നും റൂറൽ പോലീസ് അറിയിച്ചു.



