“ആൽകമീഡിയ” രിസാല ചർച്ചാ സംഗമം ശ്രദ്ധേയമായി.

ദമ്മാം: കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ “ആൽകമീഡിയ” എന്ന പേരിൽ സംഘടിപിച്ച രിസാല ചർച്ചാ സംഗമം ശ്രദ്ധേയമായി. കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു. പ്രവാസി രിസാല എഡിറ്റർ ലുഖ്‌മാൻ വിളത്തൂർ ചർച്ചകൾക് നേതൃത്വം നൽകി. രിസാലയുടെ ഉള്ളടക്കവും പംക്തികളും എഴുത്തുകാരും അവർ വായനക്കാരിൽ ഉണ്ടാക്കുന്ന സ്വാധീനവും നേർസാക്ഷ്യങ്ങളിലൂടെ വിവരിച്ച അദ്ദേഹം പ്രവാസി രിസാലയും അതിന്റെ ഡിജിറ്റൽ പതിപ്പായ രിസാല അപ്ഡേറ്റ് ആപ്ലിക്കേഷനും പുതിയ കാലത്തോട് സംവദിക്കുന്ന രീതിയും അതിൽ വരാനിരിക്കുന്ന മാറ്റങ്ങളെയും വിശദീകരിച്ചു.

സാമൂഹികമായ ഇടപെടലുകളും വൈയക്തിക സുഹൃത് ബന്ധങ്ങളുടെ പ്രാധാന്യവും രിസാലയിലൂടെ പ്രവാസികളിൽ ഉണ്ടാക്കുന്ന സ്വാധീനവും അതിന്റെ ആവശ്യകതയും വിവരിച്ചുകൊണ്ട് കെ എം സി സി നേതൃത്വം ഫൈസൽ ഇരിക്കൂർ സംസാരിച്ചു. സൗദി മലയാള സമാജം സാരഥി ഷനീബ് അബൂബക്കർ, പ്രവാസി സമൂഹത്തിൽ കലാ സാംസ്കാരിക ഉന്നമനത്തിന്റെ ആവശ്യകതയും രിസാല അതിൽ ചെലുത്തുന്ന സ്വാധീനത്തെ വിവരിച്ചും സംസാരിച്ചു. ആശംസാസൂചകമായി രിസാലയെ സംബന്ധിയായി അദ്ദേഹം അവതരിപ്പിച്ച ചെറുലേഖനം ശ്രദ്ധേയമായി.

സാമൂഹിക അവബോധവും വ്യക്തിവികാസവും വളർത്തുന്നതിൽ രിസാലയുടെ പങ്ക് വളരെ വലുതാണെന്നും അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്നും പ്രമുഖ ലൈഫ് കോച്ചും ട്രെയ്നറുമായ ഇഖ്‌ബാൽ വെളിയംകോട് അഭിപ്രയപ്പെട്ടു. “അകലങ്ങളെ അക്ഷരങ്ങളാക്കുന്ന രസതന്ത്രം” എന്ന പ്രമേയത്തിൽ നടക്കുന്ന രിസാല അപ്ഡേറ്റ് ക്യാമ്പയിനുമായി ബന്ധപ്പെട്ടാണ് ചർച്ചാ സംഗമം സംഘടിപ്പിച്ചത്. ഐ സി എഫ് പ്രതിനിധിയായി മുസ്തഫ മാസ്റ്റർ മുക്കൂട്, ആർഎസ്‌സി ഗ്ലോബൽ എക്സിക്യൂട്ടീവ് സ്വാദിഖ് സഖാഫി, നാഷനൽ ഇബി അംഗം ആഷിഖ് കായംകുളം തുടങ്ങിയവർ സംബന്ധിച്ചു. ദമ്മാം സോൺ കലാലയം സെക്രട്ടറി സബൂർ കണ്ണൂർ സ്വാഗതവും അഫ്സൽ ഫാതിഹി നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles