തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞാ ചട്ട ലംഘനം ആരോപിച്ചും കാപ്പാ കേസ് പ്രതിയായ ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ടും എൽ.ഡി.എഫ് നടത്തിയ മേയർ ഓഫീസ് ഉപരോധം വലിയ രീതിയിലുള്ള അക്രമത്തിലും സംഘർഷത്തിലും കലാശിച്ചു. മേയർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് പ്രവർത്തകർ ഓഫീസ് വളഞ്ഞതോടെ നഗരസഭാ ആസ്ഥാനം യുദ്ധക്കളമായി മാറുകയായിരുന്നു. മേയർ ഓഫീസിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെയാണ് നഗരസഭയ്ക്ക് അകത്തും പുറത്തും കനത്ത ഉന്തും തള്ളും സംഘർഷവുമുണ്ടായത്. മേയറുടെ ചേംബറിന് മുന്നിൽ വെച്ച് സി.പി.എം – ബി.ജെ.പി കൗൺസിലർമാർ നേരിട്ട് ഏറ്റുമുട്ടി. എൽ.ഡി.എഫ് ഉപരോധത്തെ തുടർന്ന് രാജേഷിനെ ഓഫീസിനുള്ളിലേക്ക് കയറ്റാൻ സമരക്കാർ വിസമ്മതിച്ചതോടെയാണ് കൗൺസിലർമാരും പ്രവർത്തകരും തമ്മിൽ കൈയാങ്കളി ആരംഭിച്ചത്. സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ച പോലീസിന് നേരെയും പ്രവർത്തകർ തിരിഞ്ഞു. സംഘർഷത്തിൽ തലയ്ക്ക് പരിക്കേറ്റ സി.പി.എം കൗൺസിലർ കാട്ടായിക്കോണം സിന്ധു ശശിക്ക് നാല് സ്റ്റിച്ചുകളുണ്ട്. ബി.ജെ.പി കൗൺസിലർ ദീപ പേരൂർക്കട ഉൾപ്പെടെ സംഘർഷത്തിൽ പരിക്കേറ്റ മേയറെയും മറ്റ് കൗൺസിലർമാരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ നഗരസഭാ പരിസരത്ത് കനത്ത പോലീസ് കാവൽ തുടരുകയാണ്.
ഈ വൻ സംഘർഷങ്ങൾക്കിടയിലും തിരുവനന്തപുരം കോർപ്പറേഷനിൽ മുൻപ് അസാധുവാക്കപ്പെട്ട കൗൺസിലർമാരുടെ പുനഃസത്യപ്രതിജ്ഞാ ചടങ്ങ് കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു. ആകെ 20 പേരിൽ കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ആർ. സുഗതൻ ഒഴികെ ബാക്കി 19 ബി.ജെ.പി കൗൺസിലർമാരാണ് ചട്ടപ്രകാരം വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. ജയിലിലുള്ള സുഗതന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വരുന്നത് ബി.ജെ.പിക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്. അതേസമയം, മേയറുടെ ഓഫീസിൽ നിന്ന് സത്യപ്രതിജ്ഞ നടക്കുന്നത് സംബന്ധിച്ച യാതൊരു വിവരവും തങ്ങൾക്ക് ലഭിച്ചില്ലെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. ചടങ്ങ് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ സി.പി.എം, സംഭവത്തിൽ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.
വ്യത്യസ്ത ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബി.ജെ.പി കൗൺസിലർമാർ മുൻപ് നടത്തിയ സത്യപ്രതിജ്ഞ നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി കഴിഞ്ഞ ദിവസം അസാധുവാക്കിയിരുന്നു. പരശുരാമൻ, ആറ്റുകാലമ്മ, പത്മനാഭസ്വാമി, ശ്രീനാരായണ ഗുരു തുടങ്ങിയവരുടെ പേരുകളിലായിരുന്നു ഇവർ സത്യപ്രതിജ്ഞ ചെയ്തിരുന്നത്. ഇതേത്തുടർന്ന് ഇവരെ താൽക്കാലികമായി അയോഗ്യരാക്കിയ കോടതി, നാല് ആഴ്ചയ്ക്കകം ചട്ടപ്രകാരം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും അതുവരെ കൗൺസിൽ അംഗമെന്ന അധികാരം ഉപയോഗിക്കരുതെന്നും വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരിൽ വടക്കഞ്ചേരി പഞ്ചായത്ത് അംഗം ചെയ്ത സത്യപ്രതിജ്ഞയും ഹൈക്കോടതി അസാധുവാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് നഗരസഭയെ പിടിച്ചുലച്ച രാഷ്ട്രീയ നാടകങ്ങളും അക്രമസംഭവങ്ങളും അരങ്ങേറിയത്.



