‘ഓപ്പറേഷൻ സിന്ദൂർ’ ദൗത്യത്തിനിടെ വീരമൃത്യു വരിച്ച ധീരസൈനികരുടെ പേരുകൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി അതിർത്തിക്കപ്പുറമുള്ള ഭീകരകേന്ദ്രങ്ങൾ തകർത്ത ‘ഓപ്പറേഷൻ സിന്ദൂർ’ ദൗത്യത്തിനിടെ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ആറ് ധീരസൈനികരുടെ പേരുകൾ കേന്ദ്ര സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടു. ഈ ധീരദേശാഭിമാനികളുടെ പേരുകൾ ഡൽഹിയിലെ ഇന്ത്യ ഗേറ്റിന് സമീപമുള്ള ദേശീയ യുദ്ധസ്മാരകത്തിൽ ആലേഖനം ചെയ്യുകയും, യുദ്ധസ്മാരകത്തിന്റെ ‘റോൾ ഓഫ് ഓണർ’ വിഭാഗത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അഞ്ച് കരസേനാംഗങ്ങളും ഒരു വ്യോമസേനാംഗവുമാണ് ഓപ്പറേഷൻ സിന്ദൂറിനിടെ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചത്. ഹെഡ്ക്വാർട്ടേഴ്സ് 10 ഇൻഫൻട്രി ബ്രിഗേഡിലെ സുബേദാർ മേജർ പവൻ കുമാർ, 4 ജമ്മു ആൻഡ് കശ്മീർ ലൈറ്റ് ഇൻഫൻട്രിയിലെ വീരചക്ര ജേതാവായ റൈഫിൾമാൻ സുനിൽ കുമാർ, 5 ഫീൽഡ് റെജിമെന്റിലെ ലാൻസ് നായിക് ദിനേഷ് കുമാർ, 851 ലൈറ്റ് റെജിമെന്റിലെ ഏവിയേഷൻ ടെക്നീഷ്യൻ മൂദ് മുരളിനായിക്, 237 ഫീൽഡ് വർക്ക്ഷോപ്പ് കമ്പനിയിലെ ഹവിൽദാർ സുനിൽ കുമാർ സിങ്, 39 വിങ്ങിലെ വായുസേനാ മെഡൽ ജേതാവായ സർജന്റ് സുരേന്ദ്ര കുമാർ എന്നിവരാണ് രാജ്യത്തിന്റെ സുരക്ഷയ്ക്കായി പോരാടി മരിച്ച ആ ആറ് ധീരജവാന്മാർ.

2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ ഭീകരർ നടത്തിയ ക്രൂരമായ ആക്രമണത്തിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശക്തമായ തിരിച്ചടി നൽകാനാണ് ഇന്ത്യൻ സൈന്യം പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമാക്കി ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. തുടർന്ന് മെയ് 7-ന് പുലർച്ചെ 1.44-ഓടെ ഇന്ത്യൻ കര, നാവിക, വ്യോമസേനകൾ സംയുക്തമായി അതിർത്തി കടന്ന് വൻ മിന്നലാക്രമണം നടത്തുകയായിരുന്നു. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും മുസാഫറാബാദ്, ബഹവൽപുർ, കോട്‌ലി, മുരീദ്കെ എന്നിവയുൾപ്പെടെയുള്ള ഒമ്പതോളം പ്രധാന ഭീകര ക്യാമ്പുകളാണ് ഇന്ത്യൻ സൈന്യം ഈ ഓപ്പറേഷനിലൂടെ പൂർണ്ണമായും തകർത്തത്. ഈ ദൗത്യത്തിനിടയിലാണ് രാജ്യത്തിന്റെ അഭിമാനമുയർത്തി ആറ് ജവാന്മാർ സമാനതകളില്ലാത്ത ധീരതയോടെ പോരാടി വീരമൃത്യു വരിച്ചത്.

 

Related Articles

- Advertisement -spot_img

Latest Articles