റിയാദ്: സൗദി അറേബ്യയിലെ നോർത്തേൺ ബോർഡേഴ്സ് പ്രവിശ്യയിൽ അധികൃതർ നടത്തിയ വൻ സുരക്ഷാ പരിശോധനയിൽ പാറപൊടിക്കുന്ന യന്ത്രത്തിനുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിൽ 1.4 ദശലക്ഷത്തിലധികം (14 ലക്ഷം) ആംഫെറ്റാമിൽ ലഹരി ഗുളികകൾ പിടികൂടി. ജൂൺ മാസത്തിൽ രാജ്യത്ത് നടന്നുവരുന്ന ശക്തമായ ലഹരിവിരുദ്ധ ഓപ്പറേഷനുകളുടെ തുടർച്ചയായാണ് ഈ വലിയ വേട്ടയെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ സുരക്ഷയെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള മയക്കുമരുന്ന് കടത്തും കള്ളക്കടത്തും അടിച്ചമർത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വ്യക്തമാക്കി. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നാല് പ്രതികളെ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ മയക്കുമരുന്ന് കടത്താൻ സഹായിച്ച ജോർദാൻ സ്വദേശിയും, ലഹരിമരുന്ന് കൈപ്പറ്റാൻ കാത്തുനിന്ന മൂന്ന് സൗദി പൗരന്മാരും ഉൾപ്പെടുന്നു. സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുമായി സഹകരിച്ച്, രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്ന ക്രിമിനൽ ശൃംഖലകളെയും വ്യക്തികളെയും പിടികൂടാൻ സുരക്ഷാ ഏജൻസികൾ കർശനമായ നിരീക്ഷണം തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.
ജൂൺ മാസത്തിൽ സൗദി അറേബ്യ പ്രാദേശിക പങ്കാളികളുമായി സഹകരിച്ച് മറ്റ് നിരവധി അതിർത്തി കടന്നുള്ള ലഹരിവിരുദ്ധ ഓപ്പറേഷനുകളും വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഈ മാസമാദ്യം, സൗദി നാർക്കോട്ടിക് വിഭാഗം നൽകിയ കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ലെബനൻ അധികൃതർ നടത്തിയ പരിശോധനയിൽ 3.9 ദശലക്ഷത്തോളം ആംഫെറ്റാമിൽ ഗുളികകൾ സൗദിയിലേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയിരുന്നു. സമാനമായ രീതിയിൽ സൗദി അധികൃതർ കൈമാറിയ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ യു.എ.ഇയിൽ നടത്തിയ മറ്റൊരു ഓപ്പറേഷനിൽ ഒരു വലിയ ക്രിമിനൽ ശൃംഖലയെ തകർക്കുകയും 2,67,300 ആംഫെറ്റാമിൽ ഗുളികകൾ പിടിച്ചെടുക്കുകയും ചെയ്തു. കൂടാതെ, ജൂൺ ആദ്യവാരം ഈസ്റ്റേൺ പ്രവിശ്യയിൽ കാർഡ്ബോർഡ് ഷീറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച 8,45,087 ആംഫെറ്റാമിൽ ഗുളികകളും ജി.ഡി.എൻ.സി പിടികൂടിയിരുന്നു; ഇതിന്റെ സ്വീകർത്താവായ സൗദി പൗരനെ പിന്നീട് ത്വാഇഫ് ഗവർണറേറ്റിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സൗദി അറേബ്യയെ ലക്ഷ്യമിടുന്ന ഇത്തരം ക്രിമിനൽ സംഘടനകളെ നിരീക്ഷിക്കാനും തകർക്കാനും രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയ സുരക്ഷാ വക്താവ് ബ്രിഗേഡിയർ ജനറൽ തലാൽ ബിൻ അബ്ദുൾ മുഹ്സിൻ ബിൻ ഷൽഹൂബ് വ്യക്തമാക്കി. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ മക്ക, മദീന, റിയാദ്, ഈസ്റ്റേൺ പ്രവിശ്യകളിലുള്ളവർക്ക് ‘911’ എന്ന നമ്പറിലും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവർക്ക് ‘999’ എന്ന നമ്പറിലും, അല്ലെങ്കിൽ ജി.ഡി.എൻ.സി ഹോട്ട്‌ലൈൻ ആയ ‘995’ (ഇമെയിൽ: 995@gdnc.gov.sa) വഴിയും അറിയിക്കാമെന്നും ഇത്തരം വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു.



