പാസ്‌പോർട്ട് ഫീസ് വർധനവും പൗരത്വ നിലപാടും പിൻവലിക്കണം: സൗദി കെ.എം.സി.സി നിവേദനം

റിയാദ്: രാജ്യത്ത് പാസ്‌പോർട്ട് അപേക്ഷാ ഫീസ് കുത്തനെ വർദ്ധിപ്പിച്ച ജനവിരുദ്ധ നടപടി കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്നും, പാസ്‌പോർട്ട് പൗരത്വത്തിനുള്ള തെളിവല്ലെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ വിവാദ നിലപാട് പുനഃപരിശോധിക്കണമെന്നും സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ശക്തമായി ആവശ്യപ്പെട്ടു. പ്രവാസികൾക്കും നാട്ടിലെ സാധാരണക്കാർക്കും ഒരുപോലെ കനത്ത ആശങ്കയും വലിയ സാമ്പത്തിക ഭാരവും ഉണ്ടാക്കുന്ന ഈ തീരുമാനങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ അടിയന്തരമായി പിന്തിരിയണം. 36 പേജുകളുള്ള സാധാരണ പാസ്‌പോർട്ടിന്റെ ഫീസ് 1500 രൂപയിൽ നിന്ന് ഒറ്റയടിക്ക് 2500 രൂപയായി ഉയർത്തിയത് സാധാരണക്കാർക്കേറ്റ കടുത്ത ഇരുട്ടടിയാണ്.

വിദേശരാജ്യങ്ങളെ ഉപജീവനത്തിനായി ആശ്രയിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളിലെ പ്രവാസി തൊഴിലാളികൾക്കും കുറഞ്ഞ വരുമാനക്കാർക്കും ഈ വർധനവ് താങ്ങാനാവാത്തതാണ്. കഠിനാധ്വാനത്തിലൂടെയും വിദേശ പണമിടപാടുകളിലൂടെയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകുന്ന പ്രവാസി ജനവിഭാഗത്തിന് മേൽ ഈ രീതിയിൽ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നത് തികച്ചും അനീതിയാണെന്നും കെ.എം.സി.സി ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മുസ്ലിംലീഗ് എം.പിമാർ എന്നിവർക്ക് കെ.എം.സി.സി ഔദ്യോഗികമായി നിവേദനം നൽകി.

ഫീസ് വർദ്ധനവിന് പുറമെ, പാസ്‌പോർട്ട് ഒരു പൗരത്വ രേഖയല്ലെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ സമീപനം രാജ്യത്താകമാനവും വിദേശത്ത് കഴിയുന്ന ഇന്ത്യക്കാർക്കിടയിലും വലിയ നിയമപരമായ അനിശ്ചിതാവസ്ഥയാണ് ഉണ്ടാക്കിയിട്ടുള്ളത്. വിവിധ സർക്കാർ-നിയമപാലന ഏജൻസികളുടെയും പോലീസിന്റെയും സൂക്ഷ്മമായ പരിശോധനകൾക്ക് ശേഷമാണ് ഒരു വ്യക്തിക്ക് ഇന്ത്യൻ പാസ്‌പോർട്ട് അനുവദിക്കുന്നത്. അപേക്ഷകന്റെ ദേശീയതയും പശ്ചാത്തലവും അതീവ ജാഗ്രതയോടെ പരിശോധിച്ച് നൽകുന്ന ഇത്തരമൊരു ഔദ്യോഗിക രേഖയ്ക്ക് പൗരത്വം തെളിയിക്കാൻ കഴിയില്ലെന്ന് പറയുന്നത് പ്രവാസികൾ ഉൾപ്പടെയുള്ള പൗരന്മാരെ കടുത്ത പ്രതിസന്ധിയിലാക്കും.

ലോകമെമ്പാടുമുള്ള ഇന്ത്യൻ സമൂഹത്തിന് പാസ്‌പോർട്ട് എന്നത് അവരുടെ ദേശീയ അഭിമാനത്തിന്റെ അടയാളമാണ്. പൗരത്വത്തിനുള്ള തെളിവ് എന്ന നിലയിലുള്ള അതിന്റെ നിയമസാധുത ഇല്ലാതാക്കുന്നത് ഭരണകൂടവുമായി പൗരന്മാർക്കുള്ള അടിസ്ഥാനപരമായ വിശ്വാസത്തെപ്പോലും തകർക്കുമെന്ന് കെ.എം.സി.സി നേതാക്കളായ കെ.പി. മുഹമ്മദ്‌ കുട്ടി, കുഞ്ഞിമോൻ കാക്കിയ, അഷ്‌റഫ്‌ വേങ്ങാട്ട്, അഹമ്മദ് പാളയാട്ട്, ഖാദർ ചെങ്കള എന്നിവർ തങ്ങൾ സമർപ്പിച്ച നിവേദനത്തിൽ വ്യക്തമാക്കുന്നു. ഇന്ത്യയിലും വിദേശത്തും കഴിയുന്ന കോടിക്കണക്കിന് പൗരന്മാരോട് കൂടുതൽ മാനുഷികവും നിയമപരമായി സുരക്ഷിതവുമായ സമീപനം സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

 

 

Related Articles

- Advertisement -spot_img

Latest Articles