മുനമ്പത്ത് വഖഫ് ഭൂമിക്കൊപ്പം സർക്കാർ പുറമ്പോക്കും തട്ടിയെടുത്തു വിൽപന നടത്തി

കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി ചട്ടങ്ങൾക്ക് വിരുദ്ധമായി വിൽപന നടത്തിയതിനൊപ്പം പ്രദേശത്തെ സർക്കാർ പുറമ്പോക്ക് ഭൂമിയും റീ സർവേയിൽ ഉൾപ്പെടുത്തി പട്ടയഭൂമിയാക്കി മാറ്റി വൻ ക്രമക്കേട് നടത്തിയതായി ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. റവന്യൂ, റീസർവേ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഈ ആസൂത്രിത അഴിമതി നടന്നത്. ഇത് വ്യക്തമാക്കുന്ന ഔദ്യോഗിക വിവരാവകാശ രേഖകൾ സഹിതമുള്ള പരാതി മുഖ്യമന്ത്രി വി.ഡി. സതീശൻ, വഖഫ് മന്ത്രി എൻ. ശംസുദ്ദീൻ എന്നിവരുടെ മുന്നിലെത്തിക്കഴിഞ്ഞു. സംഭവത്തിൽ രണ്ടാം ഘട്ടമായി കൂടുതൽ തെളിവുകൾ സമർപ്പിക്കാനുള്ള അടിയന്തര നീക്കത്തിലാണ് പരാതിക്കാർ. 1998 ഡിസംബർ 19-ലെ കച്ചവട ഉടമ്പടിയിലൂടെ, ഫാറൂഖ് കോളേജ് ചുമതലപ്പെടുത്തിയ എറണാകുളത്തെ അഭിഭാഷകൻ പോൾ വഴി പല കാലങ്ങളിലായി നടത്തിയ ഭൂമി വിൽപനയിൽ, സിദ്ദീഖ് സേട്ട് വഖഫായി നൽകിയ ഭൂമിക്ക് പുറമെ സർക്കാർ പുറമ്പോക്കും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. അഡ്വ. പോളിന്റെ താൽപര്യപ്രകാരം സർക്കാർ പുറമ്പോക്ക് ഭൂമി കോളേജിന്റെ പേരിൽ ചേർക്കുകയും, റീസർവേയിൽ വ്യാജ പട്ടയം ചമച്ച് അത് പലർക്കായി വിൽക്കുകയും ചെയ്തുവെന്ന ഗുരുതരമായ ആക്ഷേപമാണ് ഇപ്പോൾ മുഖ്യമന്ത്രിക്ക് മുന്നിലുള്ളത്.

ഫാറൂഖ് കോളേജിന് വഖഫ് ആധാരപ്രകാരം യഥാർത്ഥ അവകാശമുള്ള സർവേ നമ്പറിലെ ഭൂമിയുടെയും, നിലവിൽ കോളേജിന്റെ പേരിലുള്ളതും അവർ മൂന്നാം കക്ഷികൾക്ക് വിറ്റതുമായ ഭൂമിയുടെയും രേഖകളും അതിർത്തികളും കൃത്യമായി പരിശോധിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. ഇതിലൂടെ സർക്കാർ പുറമ്പോക്ക് ഭൂമിയിലെയും വഖഫ് ഭൂമിയിലെയും കൈയേറ്റങ്ങൾ കണ്ടെത്തണമെന്നും ഫാറൂഖ് കോളേജ് നടത്തിയ വിൽപനയെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. മുനമ്പത്തെ തർക്കഭൂമിയുടെ ചില ഭാഗങ്ങളിൽ കോളേജിന്റെ ഉടമസ്ഥാവകാശത്തിന് പുറമെ സർക്കാർ ഭൂമിയും ഉൾപ്പെട്ടിട്ടുണ്ടെന്നതിന് തെളിവായി 2010-ലെ സർവേ രേഖകളും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വഖഫ് സ്വത്തുക്കളുടെ ദുരുപയോഗത്തെയും കൈയേറ്റങ്ങളെയും കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് നിസാർ കമ്മീഷന്റെ അന്വേഷണം നടക്കുന്ന കാലത്തുതന്നെ, കോളേജ് അധികൃതർ ഹൈക്കോടതിയിൽ റിട്ട് ഹർജികളുമായി പോയത് ഈ കൈയേറ്റക്കാരെ സഹായിക്കാൻ വേണ്ടിയാണെന്ന സംശയവും ഇതോടെ ബലപ്പെടുകയാണ്.

2008 മാർച്ച് 7-ന് കോളേജ് മാനേജ്മെന്റ് ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജിയിൽ (W.P. No. 8900/2008), തങ്ങൾക്ക് മുനമ്പത്ത് 290.76 ഏക്കർ ഭൂമിയുണ്ടെന്നും അതിന് നികുതി അടച്ചുവരുന്നു എന്നുമാണ് അവകാശപ്പെട്ടിരുന്നത്. 1998-ൽ നികുതി അടച്ച രേഖയും, കടൽഭിത്തിക്ക് കിഴക്കും പടിഞ്ഞാറുമായി കിടക്കുന്ന തങ്ങളുടെ ഭൂമി മുഴുവൻ സർവേ നടത്തിയിട്ടില്ലെന്നും കടലിൽനിന്ന് വീണ്ടെടുത്ത ഭൂമി കൂടി കണ്ടെത്തണമെന്നും കാണിച്ച് റീസർവേ അസിസ്റ്റന്റ് ഡയറക്ടർക്ക് 1999 ജനുവരി 18-ന് നൽകിയ കത്തും ഇതോടൊപ്പം അവർ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ്‌ വഖഫ് ബോർഡ് ഉദ്യോഗസ്ഥരായ എൻ. അബ്ദുൽ ജലീൽ, മുഹമ്മദ് സഹീർ എന്നിവർ ഇടപ്പള്ളി സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയ പരിശോധനയിൽ ഫാറൂഖ് കോളേജ് 1989-ൽ 74-ഉം 1990-ൽ 153-ഉം വസ്തു വിൽപനകൾ നടത്തിയതായി കണ്ടെത്തിയത്. തങ്ങളുടെ ഭൂമി സർക്കാരും കൈയേറിയെന്ന് കാണിച്ച് കോളേജ് 2009-ൽ വീണ്ടും റിട്ട് ഹർജി (W.P. 4447/09) നൽകുകയും, ഈ രണ്ട് ഹർജികളും ഒരുമിച്ച് കേട്ട് ഹൈക്കോടതി 2009 മാർച്ച് 13-ന് വിധി പ്രസ്താവിക്കുകയുമായിരുന്നു.

കൈയേറ്റക്കാരിൽ സർക്കാർ വകുപ്പുകളും
മുനമ്പത്തെ വഖഫ് ഭൂമിയിൽ ടൂറിസം വകുപ്പും ജലസേചന വകുപ്പും അനധികൃത നിർമാണം നടത്തിയെന്നും അതിൽ സർക്കാർ പുറമ്പോക്ക് ഭൂമിയും ഉൾപ്പെട്ടിരുന്നുവെന്നുമാണ് 2010-ൽ റീസർവേ അസിസ്റ്റന്റ് ഡയറക്ടർക്ക് റീസർവേ സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. സിദ്ദീഖ് സേട്ട് വഖഫായി നൽകിയ സർവേ നമ്പർ 18/1-4ൽ പെട്ട 404.76 ഏക്കറിൽ കടലെടുത്ത ഭാഗം കഴിഞ്ഞ്, നിലവിൽ 290.76 ഏക്കറിന് മാത്രമാണ് കോളേജ് കരം അടക്കുന്നതെന്നാണ് ഈ റിപ്പോർട്ടിലുള്ളത്. കടലെടുത്തതും പിന്നീട് കരയായി മാറിയതുമായ ഏതാനും ഭാഗത്ത് (1.089 ഹെക്ടർ) ടൂറിസം വകുപ്പ് നിർമാണ പ്രവർത്തനം നടത്തിയതായും കോളേജിന്റെ കൈവശമുള്ള ഭൂമിയിൽ കുറച്ചുഭാഗം ജലസേചന വകുപ്പിന് വേണ്ടി പൊന്നുംവിലക്ക് എടുത്തതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ രണ്ടു വകുപ്പുകളും കൈയേറി അനധികൃത നിർമാണ പ്രവർത്തനം നടത്തിയ കോളേജ് ഭൂമിയിൽ സർക്കാർ പുറമ്പോക്കും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അന്നത്തെ സർവേയിലെ കണ്ടെത്തൽ. മുൻ സർവേ നമ്പർ 18/1-4ൽ 48 മുതൽ 54 വരെ നമ്പറുകൾ യഥാർത്ഥത്തിൽ സർക്കാർ പുറമ്പോക്കാണെങ്കിലും റീസർവേ രേഖ പ്രകാരം നിലവിൽ അത് കോളേജിന്റെ പേരിലാണെന്നും അസിസ്റ്റന്റ് ഡയറക്ടർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

ഫാറൂഖ്‌ കോളേജിന്റെ കച്ചവടക്കരാർ ഏറ്റെടുത്തവർ സർക്കാർ പുറമ്പോക്കിന് കൂടി വ്യാജ പട്ടയം ഉണ്ടാക്കിയെന്നതിന്റെ വ്യക്തമായ തെളിവായാണ് ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2010-ൽ എറണാകുളം റീസർവേ സൂപ്രണ്ട് നടത്തിയ പരിശോധനയിൽ കോളേജിന്റെ പേരിൽ 24.52 ഹെക്ടർ വസ്തു ഉണ്ടെന്നും, അതിൽ പുറമ്പോക്കായി മാറ്റേണ്ട 5.76 ഹെക്ടർ ഭൂമിയും 3.41 ഹെക്ടർ തോടും ഉൾപ്പെടുന്നു എന്നും കണ്ടെത്തിയിരുന്നു. എന്നാൽ, അഴിമതി പുറത്താകുമെന്ന ഭയത്താൽ ഈ നിർണ്ണായക ഔദ്യോഗിക രേഖകളൊന്നും ഇതുവരെ പൊതുസമൂഹത്തിന് മുന്നിൽ പുറത്തുവിട്ടിരുന്നില്ല.

Related Articles

- Advertisement -spot_img

Latest Articles