മസ്‌കത്തിൽ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്ന് വീണ് മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

മസ്കത്ത്: ഒമാനിലെ മസ്കത്തിൽ താമസസ്ഥലത്തെ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്ന് താഴേക്ക് വീണ് നാലുവയസ്സുകാരിയായ മലയാളി ബാലിക മരണപ്പെട്ടു. റുസൈൽ മവേലയിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായ തൃശൂർ വടക്കാഞ്ചേരി ഓട്ടുപാറ പിലാക്കാട് ചങ്കരത്ത് തെക്കേതിൽ പ്രദീപിന്റെയും ദിവ്യയു​ടെയും ഏക മകൾ ദക്ഷ പ്രദീപ് (നാല്) ആണ് ദാരുണമായി മരണമടഞ്ഞത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു പ്രവാസി സമൂഹത്തെ നടുക്കിയ ഈ അപകടം സംഭവിച്ചത്. ഇവര്‍ താമസിച്ചിരുന്ന ഫ്ലാറ്റിന് സമീപത്ത് തന്നെയുള്ള സൂപ്പര്‍ മാര്‍ക്കറ്റിലായിരുന്നു പ്രദീപ് ജോലി ചെയ്തിരുന്നത്. സംഭവസമയത്ത് മാതാവ് ദിവ്യ ചില അത്യാവശ്യ സാധനങ്ങൾ വാങ്ങിക്കാനായി പ്രദീപിന്റെ അടുത്തേക്ക് പോയതായിരുന്നു. ഈ സമയത്ത് ഉറക്കമുണർന്ന കുട്ടി അമ്മ​യെ കാണാത്ത വെപ്രാളത്തിൽ കിടക്കയ്ക്ക് സമീപമുണ്ടായിരുന്ന ജനല്‍ വഴി പുറത്തേക്ക് നോക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം.

സംഭവമറിഞ്ഞ് റോയല്‍ ഒമാന്‍ പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തുകയും, ആവശ്യമായ തുടര്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി കുട്ടിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. അടുത്തിടെ മാത്രമാണ് ദിവ്യയും മകൾ ദക്ഷയും സന്ദര്‍ശന വിസയില്‍ ഒമാനിൽ പ്രദീപിന്റെ അടുക്കൽ എത്തിയത്. സന്ദർശനം ആനന്ദകരമായി തുടരുന്നതിനിടയിൽ സംഭവിച്ച ഏക മകളുടെ ഈ ദാരുണ വിയോഗത്തിൽ നെഞ്ചുനീറി കഴിയുകയാണ് മാതാപിതാക്കളായ പ്രദീപും ദിവ്യയും. ഒമാനിലെ ഔദ്യോഗിക നിയമ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് മസ്‌കത്ത് കെ.എം.സി.സി റുസൈല്‍ ഏരിയ കെയര്‍ വിങ് ഭാരവാഹികള്‍ അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles