റിയാദ്: സമസ്തയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ‘നൂറ് പ്രകാശവർഷങ്ങൾ’ എന്ന ശീർഷകത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) സംഘടിപ്പിക്കുന്ന ‘അസ്സുഫ്ഫ നാട്ടുദർസി’ന് റിയാദിൽ പ്രൗഢോജ്ജ്വല തുടക്കമായി. ബത്ഹയിലെ ഡി പാലസ് ഹാളിൽ നടന്ന ദർസ് പ്രമുഖ പണ്ഡിതൻ അബ്ദുൽ റഷീദ് ബാഖവി ഉസ്താദ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്‌തു. സമസ്‌ത സെന്റിനറിയുടെ ഭാഗമായി ആഗോളതലത്തിൽ അഞ്ച് ലക്ഷം പ്രബോധകരെ സൃഷ്ടിച്ചെടുക്കുന്നതിന് വേണ്ടി ആവിഷ്‌കരിച്ച ഈ വിജ്ഞാന പഠനപദ്ധതിക്ക് പൊതുസമൂഹത്തിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രവാചകരുടെയും അനുചരരുടെയും ഉദാത്തമായ ജീവിതമാതൃക സമൂഹത്തിന് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് റിയാദിലും നാട്ടുദർസിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ രചിച്ച ‘അൽവജീസ്’ എന്ന പ്രശസ്ത ഗ്രന്ഥമാണ് ഈ നാട്ടുദർസിൽ പ്രധാനമായും പഠനവിധേയമാക്കുന്നത്. ഗ്രന്ഥകർത്താവിൽ നിന്ന് നേരിട്ട് ഇജാസത്തും (അനുമതി) പ്രത്യേക പരിശീലനവും സിദ്ധിച്ച പ്രഗത്ഭരായ ഗുരുജനങ്ങളാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് റിയാദിന്റെ വിവിധ യൂണിറ്റുകളിലായി പ്രത്യേകം ക്രമീകരിച്ച മുപ്പതോളം പഠന ക്ലാസുകൾ നടക്കും. ഈ പഠന ക്ലാസുകളുടെ മഹത്തായ സമാപനം സമസ്ത സെന്റിനറി സമ്മേളന നഗരിയായ വാദി ഹറമൈനിയിൽ വെച്ചായിരിക്കും നടക്കുക. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നേരിട്ട് നടത്തുന്ന ദർസോടെയായിരിക്കും ഈ ആഗോള വിജ്ഞാന പദ്ധതിക്ക് ഔദ്യോഗികമായി പരിസമാപ്തിയാവുക. ഐ സി എഫ് റിയാദ് റീജിയൻ പ്രസിഡന്റ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫിയുടെ അധ്യക്ഷതയിൽ ബത്ഹയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഐ.സി.എഫ് നാഷണൽ പ്രസിഡന്റ് അബ്‌ദുറഷീദ് സഖാഫി മുക്കം മുഖ്യാതിഥിയായി പങ്കെടുത്തു. റിയാദിലെ വിവിധ ഘടകങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകരും വിശ്വാസികളും സംബന്ധിച്ച വിജ്ഞാന സദസ്സിന് ഇസ്മായിൽ സഅദി സ്വാഗതവും അബ്ദുൽ മജീദ് താനാളൂർ നന്ദിയും രേഖപ്പെടുത്തി.



