തിരുവനന്തപുരം: ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന്, മുൻ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ പ്രതിചേർത്ത് കേസെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് റിപ്പോർട്ട്. അജിത്കുമാറിനെ സസ്പെൻഡ് ചെയ്തുകൊണ്ട് ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ, കേസ് അട്ടിമറിക്കാനായി അദ്ദേഹം നടത്തിയ തെളിവ് തിരുത്തലുകളും കീഴുദ്യോഗസ്ഥർക്കു മേൽ ചെലുത്തിയ സ്വാധീനവും വ്യക്തമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആലപ്പുഴ കോടതിയുടെ നിർദേശപ്രകാരമാണ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ച് ഈ കേസ് അന്വേഷിപ്പിച്ചത്.
ഇതിനാൽ അന്വേഷണത്തിലെ തിരുത്തലുകളും എ.ഡി.ജി.പിയുടെ വശത്തുനിന്നുണ്ടായ ഇടപെടലുകളും ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് വിചാരണക്കോടതിയിൽ സമർപ്പിക്കേണ്ടിവരും. അന്വേഷണത്തിൽ വരുത്തിയ കൃത്യവിലോപവും ഇടപെടലുകളും ചൂണ്ടിക്കാട്ടി എ.ഡി.ജി.പിയെ പ്രതിചേർക്കുന്നതിലേക്ക് ഇത് നയിച്ചേക്കാമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. സർക്കാർ നേരിട്ട് കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽപ്പോലും, എസ്.ഐ.ടി റിപ്പോർട്ടിന്റെ വെളിച്ചത്തിൽ ആരെങ്കിലും കോടതിയെ സമീപിച്ചാൽ കോടതി ഉത്തരവുപ്രകാരം കേസ് എടുക്കേണ്ടിവരും.
അതേസമയം, സർക്കാരിന്റെ സസ്പെൻഷൻ നടപടിക്കെതിരെ ട്രൈബ്യൂണലിനെ സമീപിച്ച് നിയമവഴി തേടാനാണ് എം.ആർ. അജിത്കുമാറിന്റെ നീക്കം. തനിക്ക് ലഭിക്കേണ്ട ഡി.ജി.പി സ്ഥാനക്കയറ്റം ബോധപൂർവം തടയാനാണ് ഈ നടപടിയെന്ന് അദ്ദേഹം ട്രൈബ്യൂണലിന് മുന്നിൽ വാദിച്ചേക്കും. കേസ് ഡയറിയിൽ മാറ്റം വരുത്തിയ മറ്റ് താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതെ തനിക്കെതിരെ മാത്രം സസ്പെൻഷൻ ചുമത്തിയത് ചോദ്യം ചെയ്യാനാണ് അദ്ദേഹത്തിന്റെ പ്ലാൻ. സസ്പെൻഷൻ വന്നതോടെ ഈ മാസം 31-ന് ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ വിരമിക്കുമ്പോൾ അജിത്കുമാറിന് ലഭിക്കേണ്ടിയിരുന്ന ഡി.ജി.പി സ്ഥാനക്കയറ്റം വലിയ അനിശ്ചിതത്വത്തിലായി.
അജിത്കുമാറിനെ ഒഴിവാക്കുന്ന പക്ഷം, തൽസ്ഥാനത്തേക്ക് പകരം ജയിൽ മേധാവി എസ്. ശ്രീജിത്തിനെ ഡി.ജി.പിയായി ഉയർത്തിയേക്കും. നിലവിൽ സംസ്ഥാനത്ത് പൊലിസ് മേധാവി റവാഡ ചന്ദ്രശേഖർ, ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം എന്നിവരാണ് ഡി.ജി.പി റാങ്കിലുള്ളത്. സസ്പെൻഷന്റെ പശ്ചാത്തലത്തിൽ, അജിത്കുമാർ വഹിച്ചിരുന്ന ബിവറേജസ് കോർപറേഷൻ സി.എം.ഡി പദവിയിലേക്ക് പുതിയ ഉദ്യോഗസ്ഥനെ സർക്കാർ ഉടൻ നിയമിക്കും.



