ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തിൽ കേന്ദ്ര സർക്കാറിന്റെ നിർണായക തീരുമാനം ഇന്ന് പുറത്തുവരും. പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന കോക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രതിനിധികളുമായി കേന്ദ്ര സർക്കാർ പ്രതിനിധികൾ നടത്തുന്ന രണ്ടാം ഘട്ട ചർച്ച ഇന്ന് വൈകീട്ട് നടക്കും. എന്നാൽ മന്ത്രിയുടെ രാജിയെന്ന പ്രധാന ആവശ്യത്തിൽ കേന്ദ്രം അനുകൂല തീരുമാനം എടുത്തില്ലെങ്കിൽ പ്രക്ഷോഭം രാജ്യമെമ്പാടും വ്യാപിപ്പിക്കുമെന്ന് സി.ജെ.പി നേതാവ് അശുതോഷ് റാങ്ക വ്യക്തമാക്കി.
ഇന്നലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ജന്തർ മന്തറിലെ സമരക്കാരുടെ പ്രതിനിധികളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുമായി കേന്ദ്ര മന്ത്രിമാരായ ജിതേന്ദ്ര സിങ്, ജെ.പി. നദ്ദ എന്നിവർ നടത്തിയ രണ്ടു മണിക്കൂർ നീണ്ട ചർച്ചയിലാണ് രാജിക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്ന് ഉച്ചവരെ സമയം വേണമെന്ന് കേന്ദ്രം അറിയിച്ചത്. സമരക്കാരുടെ മറ്റ് രണ്ട് പ്രധാന ആവശ്യങ്ങൾ സർക്കാർ ഇന്നലെ തത്വത്തിൽ അംഗീകരിച്ചിരുന്നു. നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, പാർലമെന്റ് മാർച്ചിന്റെ പേരിൽ വിദ്യാർത്ഥികൾക്കെതിരെ എടുത്ത എഫ്.ഐ.ആറുകൾ റദ്ദാക്കുക എന്നീ ആവശ്യങ്ങളിലാണ് കേന്ദ്രം അനുകൂല നിലപാട് എടുത്തത്. എന്നാൽ ഉന്നയിച്ച മൂന്ന് ആവശ്യങ്ങളിലും യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് സമര നേതാക്കൾ മന്ത്രിമാരെ അറിയിച്ചു. വിദ്യാർത്ഥികൾക്കെതിരെ പുതിയ കേസുകൾ എടുക്കില്ലെന്നും ഭാവിയിൽ ആരെയും വേട്ടയാടില്ലെന്നും രേഖാമൂലം ഉറപ്പുനൽകണമെന്ന് ചർച്ചയിൽ ആവശ്യപ്പെട്ടതായി സൗരവ് ദാസും വ്യക്തമാക്കി.
അതേസമയം, വിദ്യാർത്ഥി സമരം ശക്തമായി തുടരുന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനത്ത് കടുത്ത യാത്രാ-ഇന്റർനെറ്റ് നിയന്ത്രണങ്ങൾ തുടരുകയാണ്. സെൻട്രൽ ഡൽഹിയിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായി നിശ്ചലമാണ്. ഡൽഹി മെട്രോ അടച്ചിട്ട സ്റ്റേഷനുകളുടെ എണ്ണം 16-ൽ നിന്ന് 18 ആയി ഉയർത്തി. ചില സ്റ്റേഷനുകൾ ഭാഗികമായി തുറന്നതായി മെട്രോ അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും പോലീസിന്റെ കർശന നിയന്ത്രണം മൂലം പരിമിതമായ ഗേറ്റുകൾ മാത്രമാണ് യാത്രക്കാർക്കായി തുറന്നു നൽകിയിട്ടുള്ളത്.



