റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ സുരക്ഷാ സേന നടത്തിയ വ്യാപക തിരച്ചിലിൽ 260 കിലോഗ്രാം ഖാത്ത് മയക്കുമരുന്നും വിതരണ നിയന്ത്രണമുള്ള 22,417 ലഹരി ഗുളികകളും പിടിച്ചെടുത്തു. അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചെത്തിയ 15 വിദേശികളും രണ്ട് പ്രാദേശിക നിവാസികളും ഉൾപ്പെടെ 17 പേരെ സംഭവവുമായി ബന്ധപ്പെട്ട് അതത് സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തു. ജിസാൻ പ്രവിശ്യയിലെ അൽ-ദായർ സെക്ടറിൽ അതിർത്തി സുരക്ഷാ വിഭാഗം നടത്തിയ പട്രോളിംഗിനിടെ 160 കിലോഗ്രാം ഖാത്ത് കടത്താൻ ശ്രമിച്ച എട്ട് ഇത്യോപ്യൻ പൗരന്മാർ പിടിയിലായി. ഇതിനുപുറമെ, അസീർ പ്രവിശ്യയിലെ അൽ-റബ്വ സെക്ടറിൽ നടത്തിയ പരിശോധനയിൽ 100 കിലോഗ്രാം ഖാത്തുമായി അഞ്ച് ഇത്യോപ്യൻ അതിർത്തി ലംഘകരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
അതേസമയം, തലസ്ഥാനമായ റിയാദിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ നടത്തിയ നീക്കത്തിൽ നിയന്ത്രിത ലഹരി ഗുളികകൾ വിൽപ്പന നടത്താൻ ശ്രമിച്ച ഘാന, ഇത്യോപ്യൻ സ്വദേശികളായ രണ്ട് താമസക്കാരെ പിടികൂടി. അറസ്റ്റിലായവർക്കെതിരെ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയതായി സൗദി അധികൃതർ അറിയിച്ചു. ജിസാനിലും അസീറിലും പിടിയിലായവരെയും പിടിച്ചെടുത്ത ലഹരിമരുന്നുകളും ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയപ്പോൾ റിയാദിൽ പിടിയിലായ പ്രതികളെ പബ്ലിക് പ്രൊസിക്യൂഷന് റഫർ ചെയ്തു.
ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നവർ മക്ക, മദീന, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തെ മറ്റ് പ്രദേശങ്ങളിൽ 999 എന്ന നമ്പറിലും വിവരമറിയിക്കണമെന്ന് സുരക്ഷാ ഏജൻസികൾ അഭ്യർത്ഥിച്ചു. കൂടാതെ ബോർഡർ ഗാർഡിന് 994, നാർക്കോട്ടിക്സ് കൺട്രോളിന് 995 അല്ലെങ്കിൽ 995@gdnc.gov.sa എന്ന ഇമെയിൽ വഴിയും വിവരങ്ങൾ കൈമാറാം. വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും അവർക്ക് യാതൊരുവിധ നിയമപരമായ ഉത്തരവാദിത്തവും ഉണ്ടാകില്ലെന്നും അധികൃതർ ആവർത്തിച്ചു.



