ലഖ്‌നൗ: ഉത്തർപ്രദേശിലെ റാംപൂരിലുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ കെട്ടിടങ്ങൾ ഇടിച്ചുനിരത്താനുള്ള നീക്കത്തിന് കോടതിയുടെ ഇടക്കാല സ്റ്റേ. മൊറാദാബാദ് ഡിവിഷണൽ കമ്മീഷണർ കോടതിയുടേതാണ് നടപടി. സർവകലാശാലയിലെ ആകെ 40 കെട്ടിടങ്ങളിൽ 38 എണ്ണവും പൊളിച്ചുനീക്കാൻ യോഗി ആദിത്യനാഥ് സർക്കാർ റാംപൂർ ഡെവലപ്‌മെന്റ് അതോറിറ്റി (ആർ.ഡി.എ) വഴി ഉത്തരവിട്ടതിനെതിരെ വലിയ പ്രതിഷേധം ഉയർന്നുവന്നിരുന്നു.
കെട്ടിടങ്ങൾ പൊളിക്കുന്നതിനെതിരെയുള്ള കേസിൽ അന്തിമ വാദം കേൾക്കുന്നത് വരെയാണ് നിലവിലെ ഇടക്കാല സ്റ്റേ അനുവദിച്ച് ഉത്തരവായിരിക്കുന്നത്. സർവകലാശാലാ സമിതി നൽകിയ പ്രത്യേക അപേക്ഷ പരിഗണിച്ചാണ് ഈ നടപടിയെന്ന് ഡിവിഷണൽ കമ്മീഷണർ ആഞ്ജനേയ സിങ് അറിയിച്ചു. 1973-ലെ യു.പി അർബൻ പ്ലാനിങ് ആൻഡ് ഡെവലപ്പ്മെന്റ് ആക്ട് സെക്ഷൻ 27(1) പ്രകാരം അംഗീകൃത പ്ലാനില്ലാതെ നിർമ്മിച്ചതാണെന്ന് ആരോപിച്ചാണ് കെട്ടിടങ്ങൾ പൊളിക്കാൻ ആർ.ഡി.എ നിർദ്ദേശം നൽകിയത്. 2006-ൽ സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ സ്വപ്ന പദ്ധതിയായി സ്ഥാപിതമായ സർവകലാശാല നിലവിൽ ഭൂമി കയ്യേറ്റം, ലീസ് ലംഘനം തുടങ്ങിയ നിരവധി നിയമപ്രശ്നങ്ങൾ നേരിടുന്നുണ്ട്.
അതേസമയം, വിഷയം ജൂലൈ 28 ചൊവ്വാഴ്ച പരിഗണിക്കേണ്ടതായിരുന്നുവെങ്കിലും മൊറാദാബാദിലെ ഒരു അഭിഭാഷകന്റെ നിര്യാണത്തെ തുടർന്നുള്ള അനുശോചന യോഗം കാരണം കേസ് മാറ്റിവെക്കുകയായിരുന്നു. കെട്ടിടങ്ങൾ പൊളിക്കുന്നതിനെതിരെ സമാജ്‌വാദി പാർട്ടി എം.പിമാരും എം.എൽ.എമാരും സ്ഥലത്ത് ധർണ്ണ നടത്തിയിരുന്നു. സർവകലാശാലയോട് സംസ്ഥാന സർക്കാർ വിവേചനപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ഭരണപരമായ ഉത്തരവിലൂടെ മറ്റ് നിർമ്മാണങ്ങൾ ക്രമപ്പെടുത്താൻ കഴിയുന്ന സർക്കാർ എന്തുകൊണ്ടാണ് ജൗഹർ സർവകലാശാലയോട് പ്രതികാരബുദ്ധി കാണിക്കുന്നതെന്നും യുവാക്കളുടെ ഭാവി ഇതിലേക്ക് വലിച്ചിഴക്കരുതെന്നും അദ്ദേഹം എക്സിലൂടെ ആഞ്ഞടിച്ചു.



