ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ കനത്ത തിരിച്ചടിയെ കുറിച്ചുള്ള സിപിഐ(എം) കേന്ദ്ര കമ്മിറ്റി യോഗ വിലയിരുത്തൽ പ്രസിദ്ധീകരിച്ചു. പാർട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.
പത്ത് വർഷത്തെ തുടർച്ചയായ ഭരണത്തിന് ശേഷം കേരളത്തിൽ എൽ.ഡി.എഫിന് ഉണ്ടായ പരാജയം പാർട്ടിക്കും മുന്നണിക്കും വലിയൊരു തിരിച്ചടിയാണെന്ന് കേന്ദ്ര കമ്മിറ്റി വിലയിരുത്തി.
2021 ലെ തിരഞ്ഞെടുപ്പിൽ 99 സീറ്റുകൾ നേടി അധികാരത്തിൽ തുടർന്നിരുന്ന എൽ.ഡി.എഫ്, 2026-ൽ വെറും 35 സീറ്റുകളിലേക്ക് ഒതുങ്ങി. മുന്നണിയുടെ വോട്ട് വിഹിതം 2021-ലെ 44.44 ശതമാനത്തിൽ നിന്ന് 2026-ൽ 37.44 ശതമാനമായി കുറഞ്ഞു. അതേസമയം, യു.ഡി.എഫ് വോട്ട് വിഹിതം 38.88 ശതമാനത്തിൽ നിന്ന് 46.55 ശതമാനമായി ഉയരുകയും അവരുടെ സീറ്റ് നില 40-ൽ നിന്ന് 102 ആയി വർദ്ധിക്കുകയും ചെയ്തു. സിപിഐ(എം)-ന്റെ മാത്രം വോട്ട് വിഹിതം കഴിഞ്ഞ നാല്പ്പത് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 21.77 ശതമാനത്തിലേക്ക് കൂപ്പുകുത്തി.
രാഷ്ട്രീയവും ഭരണപരവും സംഘടനാപരവുമായ നിരവധി വീഴ്ചകളാണ് തോൽവിക്ക് കാരണമെന്ന് സംസ്ഥാന സമിതി തയ്യാറാക്കി അംഗീകരിച്ച അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ഫണ്ടുകൾ തടഞ്ഞുവെച്ചും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്തും എൽ.ഡി.എഫ് സർക്കാരിനെതിരെ അങ്ങേയറ്റം പ്രതികൂലമായ സാഹചര്യമാണ് സൃഷ്ടിച്ചത്. പരിമിതികൾക്കിടയിലും അതിദാരിദ്ര്യം നിർമാർജനം ചെയ്യുന്നതടക്കമുള്ള നിരവധി ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കാൻ സർക്കാരിന് സാധിച്ചുവെങ്കിലും, സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് പൂർണ്ണമായും എത്തിക്കുന്നതിൽ പ്രചാരണ രംഗത്ത് വീഴ്ചകൾ സംഭവിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം കേന്ദ്രീകരിച്ചുള്ള വ്യക്തിഗത പ്രചാരണം യു.ഡി.എഫിന് അദ്ദേഹത്തിനെതിരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ നടത്താൻ അവസരമൊരുക്കിയെന്നും, പാർട്ടിയുടെ രാഷ്ട്രീയ മുൻകൈ നഷ്ടപ്പെടുത്തി എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. വലതുപക്ഷ ശക്തികളും ജാതി-മത സംഘടനകളും എൽ.ഡി.എഫിനെതിരെ ഒന്നിച്ചു. ആഗോള അയ്യപ്പ സംഗമത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ച സംഭവം പാർട്ടിയുടെ മതേതര പ്രതിച്ഛേദത്തിന് കളങ്കമുണ്ടാക്കിയെന്നും, ഇത് ന്യൂനപക്ഷങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകിയെന്നും സ്വയംവിമർശനപരമായി അംഗീകരിച്ചിട്ടുണ്ട്.
പാർട്ടിക്ക് അകത്തുണ്ടായ സംഘടനാപരമായ ചില അപചയങ്ങളും തോൽവിയുടെ ആഴം കൂട്ടി. ചില നേതാക്കളുടെ ധാർഷ്ട്യം, അഴിമതി, സ്വജനപക്ഷപാതം, ആഡംബര ജീവിതശൈലി എന്നിവ പാർട്ടിക്ക് ജനങ്ങൾക്കിടയിലുണ്ടായിരുന്ന സൽപേരിന് മങ്ങലേൽപ്പിച്ചു. സ്വർണക്കടത്ത് കേസ് പ്രതിയായ പത്മകുമാറിനെതിരെ സമയബന്ധിതമായി സംഘടനാപരമായ നടപടി സ്വീകരിക്കാത്തത് തിരിച്ചടിയായി. കൂടാതെ, സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളും ജനങ്ങളെ അകറ്റി.
കണ്ണൂർ ജില്ലയിലെ ചില സ്ഥാനാർത്ഥി നിർണ്ണയങ്ങളിലുണ്ടായ പിഴവുകളും വിമർശനത്തിന് ഇടയാക്കി.
സംസ്ഥാനത്ത് ബി.ജെ.പി മൂന്ന് സീറ്റുകൾ നേടിയതും എൻ.ഡി.എ 14.20 ശതമാനം വോട്ട് നേടിയതും കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് കടുത്ത ഭീഷണിയാണെന്ന് പാർട്ടി വിലയിരുത്തുന്നു. ആർ.എസ്.എസിന്റെ ശാഖാ ശൃംഖലകളും ക്ഷേത്ര കമ്മിറ്റികളും കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ സംഘപരിവാർ ശക്തികളുടെ വേരോട്ടം വർദ്ധിപ്പിച്ചു. ഈ വെല്ലുവിളികളെ നേരിടാൻ താഴേത്തട്ട് മുതൽ ശക്തമായ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും, സെപ്റ്റംബറിൽ ചേരുന്ന വിപുലമായ സംസ്ഥാന സമിതി യോഗം ഇതിനുള്ള ചർച്ചകൾ നടത്തുമെന്നും കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി.



