തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തിയതിന് പിന്നാലെ ഉദ്യോഗസ്ഥരെ മർദിച്ച സംഭവത്തിലെ ഒന്നാം പ്രതി നിഥിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ഇത്തരത്തിലുള്ള ഗുരുതര കുറ്റകൃത്യങ്ങളെ നിസ്സാരമായി കാണാൻ സാധിക്കില്ലെന്നും, യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായതെന്നും ജാമ്യാപേക്ഷ നിരസിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചു.
ഇ.ഡി പരിശോധന ആരംഭിച്ച് അഞ്ച് മണിക്കൂറിനുള്ളിൽ മുന്നൂറോളം പേർ പ്രതികളാകുന്ന രീതിയിൽ ഇത്രയും വലിയൊരു ആക്രമണം ഉണ്ടായതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. വലിയ രാഷ്ട്രീയ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്ന് വിശ്വസിക്കാതിരിക്കാനാകില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.
അതേസമയം, കേസിലെ ഒൻപതാം പ്രതിയായ ഹരീഷ് കുമാറിന് കോടതി ജാമ്യം അനുവദിച്ചു. പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി 25-ാം പ്രതി ഉണ്ണികൃഷ്ണന് ഈ മാസം 30 വരെ ഇടക്കാല ജാമ്യവും കോടതി അനുവദിച്ചിട്ടുണ്ട്.



