കാപ്പ കേസ് പ്രതിയായ ബി.ജെ.പി കൗൺസിലറുടെ അവധി അപേക്ഷ: അണ്ടർ സെക്രട്ടറിമാർക്കെതിരെ നടപടിക്ക് സാധ്യത; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: കാപ്പ കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയിൽ അനുകൂല ഉത്തരവിറക്കിയ സംഭവത്തിൽ തദ്ദേശ, ആഭ്യന്തര വകുപ്പുകളിലെ അണ്ടർ സെക്രട്ടറിമാർക്കെതിരെ നപടിക്ക് സാധ്യത. ഇരുവർക്കുമെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുഗതന് വലിയ ആശ്വാസമായ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് പുറപ്പെടുവിച്ചത് തദ്ദേശ വകുപ്പിന്റെ റിപ്പോർട്ട് പരിഗണിച്ചാണെന്ന് വ്യക്തമായിട്ടുണ്ട്. തദ്ദേശ വകുപ്പാണ് സുഗതന് അവധിക്ക് അപേക്ഷിക്കാൻ അർഹതയുണ്ടെന്ന് റിപ്പോർട്ട് നൽകിയത്.

അവധി അപേക്ഷ കൗൺസിൽ പാസാക്കിയാൽ സുഗതന്റെ കൗൺസിലർ അംഗത്വം സുരക്ഷിതമായിരിക്കുമെന്ന് തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഈ ശുപാർശ അംഗീകരിച്ചുള്ള ഉത്തരവാണ് ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി പുറത്തിറക്കിയത്. ഇതാണ് സുഗതൻ കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യനാകാതെ സംരക്ഷിക്കപ്പെടാൻ കാരണമായത്. വെള്ളിയാഴ്ച ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ മേയറുടെ കാസ്റ്റിങ് വോട്ടോടെയാണ് സുഗതന്റെ അവധി അപേക്ഷ പാസാക്കിയത്.

അതേസമയം, ആഭ്യന്തരമന്ത്രിയോ വകുപ്പ് സെക്രട്ടറിയോ അറിയാതെ സർക്കാരിന്റെ പേരിൽ ഉദ്യോഗതലത്തിൽ ഉത്തരവിറക്കിയ ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി നമിതയ്‌ക്കെതിരെ കഴിഞ്ഞദിവസം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സുഗതന് അനുകൂലമായ സർക്കാർ ഉത്തരവുകൾ നിലവിൽ എൽ.ഡി.എഫ് രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്. ബി.ജെ.പി-യു.ഡി.എഫ് ഡീലിന്റെ ഭാഗമാണിതെന്ന് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ആരോപണം ഉന്നയിക്കുമ്പോൾ, സർക്കാരിന്റെ ഈ വിവാദ ഉത്തരവിനെ രൂക്ഷമായി വിമർശിച്ച് കോർപ്പറേഷനിലെ യു.ഡി.എഫ് കക്ഷിനേതാവ് കെ.എസ്. ശബരീനാഥനും രംഗത്തെത്തിയിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles