ടെഹ്റാൻ: അമേരിക്കയുമായുള്ള സൈനിക സംഘർഷവും തർക്കങ്ങളും രൂക്ഷമായി തുടരുന്നതിനിടെ, മേഖലയിലെ പ്രമുഖ രാജ്യങ്ങളുമായി നയതന്ത്ര ചർച്ചകൾ ശക്തമാക്കി ഇറാൻ. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ, തുർക്കി വിദേശകാര്യ മന്ത്രി ഹാകാൻ ഫിദാൻ, സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് എന്നിവരുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രത്യേക ടെലിഫോൺ സംഭാഷണങ്ങൾ നടത്തി. മേഖലയിൽ സംഘർഷം കൂടുതൽ വഷളാകുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് നേതാക്കൾ വിശദമായി ചർച്ച ചെയ്തു.
തങ്ങളുടെ പരമാധികാരത്തിനോ ദേശീയ സുരക്ഷയ്‌ക്കോ നേരെ ഉണ്ടാകുന്ന ഏത് തരത്തിലുള്ള ആക്രമണത്തിനും ശക്തമായ ഭാഷയിൽ തിരിച്ചടി നൽകുമെന്ന് ഇറാൻ ഈ ചർച്ചകളിൽ വ്യക്തമാക്കി. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന സൈനിക നീക്കങ്ങൾക്കെതിരെ നേതാക്കൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകി. ഇതിന് പുറമെ, യു.എസ് വെടിനിർത്തൽ കരാർ നഗ്നമായി ലംഘിക്കുകയാണെന്ന് ആരോപിച്ച് ഇറാൻ വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രസ്താവനയും പുറപ്പെടുവിച്ചു.
ഹോർമുസ് കടലിടുക്കിലെ നാവിക ഗതാഗത നിയമങ്ങൾ അവഗണിക്കുകയും അനുമതിയില്ലാത്ത പാതകളിലൂടെ കപ്പലുകൾ കടത്തിവിട്ടുമാണ് അമേരിക്ക വെടിനിർത്തൽ ലംഘിക്കുന്നതെന്ന് ടെഹ്റാൻ കുറ്റപ്പെടുത്തി. കൂടാതെ, സമുദ്രസന്ധിയിലൂടെയുള്ള തങ്ങളുടെ സൈനിക നീക്കങ്ങൾ മറച്ചുവെക്കാൻ വാണിജ്യ കപ്പലുകളെ അമേരിക്ക ദുരുപയോഗം ചെയ്യുന്നുണ്ടെന്നും, പുതിയ ഉപരോധങ്ങളും നാവിക ഉപരോധവും ഏർപ്പെടുത്തുന്നതിനൊപ്പം ഇറാന്റെ കേന്ദ്രങ്ങൾക്ക് നേരെ പുതിയ വ്യോമാക്രമണങ്ങൾ നടത്തുന്നുണ്ടെന്നും ഇറാൻ ആരോപിച്ചു.



