ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹം നദിയില തള്ളി: നാടകം കളിച്ച ഓല ക്യാബ് ഡ്രൈവറും കാമുകിയും അറസ്റ്റിൽ

ലഖ്‌നൗ: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം നദിയിൽ തള്ളിയ ശേഷം, കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകി നാടകം കളിച്ച ഓല ക്യാബ് ഡ്രൈവറും കാമുകിയും പിടിയിലായി. ലഖ്‌നൗ റഹിമാബാദ് സ്വദേശിയായ ഉമേന്ദ്ര പ്രതാപ് സിങ് (31), ഇയാളുടെ കാമുകിയും കോൾ സെന്റർ ജീവനക്കാരിയുമായ ആരതി വർമ്മ (31) എന്നിവരെയാണ് ലഖ്‌നൗ പൊലീസ് അറസ്റ്റ് ചെയ്തത്. ഉമേന്ദ്രയുടെ ഭാര്യ അഞ്ജലി സിങ് ആണ് കൊല്ലപ്പെട്ടത്.

ജൂലൈ 31-നാണ് തന്റെ ഭാര്യ ആഭരണങ്ങളുമായി വീടുവിട്ടുപോയെന്ന് കാണിച്ച് ഉമേന്ദ്ര പൊലീസിൽ പരാതി നൽകുന്നത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇറ്റൗഞ്ചയിലെ ഗോമതി നദിയിൽ നിന്നും അഞ്ജലിയുടെ മൃതദേഹം കണ്ടെടുത്തു. എന്നാൽ അഞ്ജലിയുടെ തിരോധാനത്തിന് പിന്നിൽ ഭർത്താവാണെന്ന സഹോദരന്റെ ആരോപണവും, ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ ഉൾപ്പെടെയുള്ള സാങ്കേതിക തെളിവുകളിൽ കണ്ടെത്തിയ വൈരുധ്യങ്ങളുമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

ആരതി വർമ്മയുമായുള്ള അവിഹിതബന്ധം അഞ്ജലി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം. ജൂലൈ 30-ന് രാത്രിയിലുണ്ടായ വാക്കുതർക്കത്തിനിടെ അഞ്ജലിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം, മൃതദേഹം സ്വിഫ്റ്റ് ഡിസയർ കാറിലാക്കി ഗോമതി നദിയിൽ തള്ളുകയായിരുന്നു. തുടർന്ന് ഭാര്യ സ്വമേധയാ ഒളിച്ചോടിയതാണെന്ന് വരുത്തിതീർക്കാനും അന്വേഷണം വഴിതിരിച്ചുവിടാനുമായി ആഭരണങ്ങൾ കൈക്കലാക്കി കാമുകിക്ക് കൈമാറുകയും പൊലീസിൽ വ്യാജ പരാതി നൽകുകയും ചെയ്തു. പ്രതികളിൽ നിന്നും 10 ലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളും ഫോണുകളും കൊലപാതകത്തിന് ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു.

 

Related Articles

- Advertisement -spot_img

Latest Articles