ആക്രമണത്തിൽ നിന്ന് യു.എസ് പിന്മാറിയാലും ഹുർമുസ് കടലിടുക്ക് അടഞ്ഞു തന്നെ കിടക്കും, അനിശ്ചിതത്വം തുടരുന്നു

ടെഹ്‌റാൻ: ഇറാനെതിരെ പ്രഖ്യാപിച്ച വൻ സൈനിക നീക്കത്തിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് താൽക്കാലികമായി പിന്മാറിയെങ്കിലും തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ വ്യക്തതയായില്ല. ഒരു കരാറിന്റെ പ്രാഥമിക ചട്ടക്കൂട് അംഗീകരിച്ചതിനാലും ഇറാന്റെയും പ്രാദേശിക രാജ്യങ്ങളുടെയും അഭ്യർഥന മാനിച്ചുമാണ് ആക്രമണത്തിൽ നിന്ന് പിന്മാറിയതെന്നും ഹുർമുസ് കടലിടുക്ക് ഉടനടി പൂർണ്ണമായി തുറന്നുകൊടുക്കലും ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കലുമാണ് വരാനിരിക്കുന്ന കരാറെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ട്രംപിന്റെ പ്രസ്താവന കേവലം മനഃശാസ്ത്ര യുദ്ധവും മാനസിക തന്ത്രങ്ങളുടെ ഭാഗവുമാണെന്ന് ഇറാന്റെ താൽക്കാലിക പ്രതിരോധ മന്ത്രി മജീദ് ഇബ്നു റസാ പ്രതികരിച്ചു. ഓരോ ഭീഷണിയെയും ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇത്തരം നീക്കങ്ങളിൽ തങ്ങൾ പതറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ ഇറാന്റെ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ അനുമതി ലഭിക്കാത്തതിനാൽ ഇറാൻ ജലാതിർത്തിയിലെ വടക്കൻ കോറിഡോറിലും ഒമാന്റെ ഭാഗത്തുള്ള തെക്കൻ സമുദ്ര കോറിഡോറിലും നിരവധി കപ്പലുകൾ കുടുങ്ങിക്കിടക്കുകയാണ്. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ വാഷിങ്ടൺ ആക്രമണം നടത്തിയാൽ മേഖലയിലെ അമേരിക്കൻ താൽപര്യങ്ങൾക്ക് നേരെ കടുത്ത തിരിച്ചടി നൽകുമെന്ന് ഇറാന്റെ സൈനിക കമാൻഡ് മുന്നറിയിപ്പ് നൽകി. അതേസമയം, സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ട്രംപുമായി ഫോണിൽ ചർച്ച നടത്തി. പാകിസ്താൻ, ഖത്തർ, ഒമാൻ, തുർക്കിയ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിൽ മധ്യസ്ഥ ശ്രമങ്ങൾ തുടരുകയാണ്. മുൻപ് ഉണ്ടാക്കിയ കരാറുകൾ ലംഘിക്കപ്പെട്ടതും ഉപരോധങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടതുമാണ് മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കിയത്.

തുടർച്ചയായ സൈനിക ഭീഷണികളും യു.എസ് ഉപരോധവും ഇറാന്റെ ആഭ്യന്തര സാമ്പത്തിക രംഗത്തെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വൻ ബജറ്റ് പ്രതിസന്ധി നേരിടുന്ന ഇറാനിൽ സർവ്വകലാശാലാ അധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം പോലും നൽകാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഈ പ്രതിസന്ധി പരിഹരിക്കാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ നേരിട്ട് ഇടപെടുന്ന സാഹചര്യവുമുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles