ജിസാൻ: സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിലെ ബെയ്ഷിൽ കോഴിക്കോട് സ്വദേശിയായ പ്രവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുക്കം എടലമ്പാട് മുരിങ്ങാപുറായി സ്വദേശി കറുത്തപറമ്പ് കോയിസ്സന്റെ മകൻ സുൽഫിക്കർ (42) ആണ് മരിച്ചത്. ജിസാനിലെ അരാംകോ പദ്ധതിയിൽ ഇറാദത്ത് ട്രാൻസ്പോർട്ടേഷൻ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.
ചൊവ്വാഴ്ച പുലർച്ചെ ജോലിയും ഡ്യൂട്ടിയും കഴിഞ്ഞ് മുറിയിലെത്തി വിശ്രമിക്കാൻ പോയ സുൽഫിക്കറെ പിന്നീട് സഹപ്രവർത്തകരാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹം നിലവിൽ ബെയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണകാരണം വ്യക്തമാകുന്നതിനായി സൗദി അധികൃതർ അന്വേഷണം നടത്തിവരികയാണ്. പരേതനായ സുൽഫിക്കറിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.
ജിസാൻ കെ.എം.സി.സി വെൽഫെയർ വിംഗ് കൺവീനർ സമീർ അമ്പലപ്പാറ, ബെയ്ഷ് ഏരിയ കെ.എം.സി.സി ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ തുടർ നിയമനടപടികൾ സ്വീകരിച്ചു വരുന്നു



