സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം: മഴക്കെടുതിയിൽ 25 മരണം; 18,000-ത്തിലധികം പേർ ക്യാമ്പുകളിൽ

കോട്ടയം: സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്നതിനിടെ വ്യാപക നാശനഷ്ടം. മഴക്കെടുതിയിൽ ഇതുവരെ 25 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. നാല് പേരെ കാണാതാവുകയും പത്ത് പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഈ മാസം ഒന്നാം തീയതി മുതൽ ചൊവ്വാഴ്‌ച വൈകുന്നേരം അഞ്ച് മണി വരെയുള്ള കണക്കാണിത്.

ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് കോട്ടയം ജില്ലയിലാണ്. കോട്ടയത്ത് അഞ്ച് പേരും മലപ്പുറത്ത് നാല് പേരും മരണപ്പെട്ടു. ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ മൂന്ന് പേർ വീതമാണ് മരണപ്പെട്ടത്. കനത്ത കാറ്റിലും മഴയിലും ഒട്ടേറെ വീടുകൾ തകർന്നു. പ്രാഥമിക റിപ്പോർട്ടുകൾ അനുസരിച്ച് 52 വീടുകൾ പൂർണ്ണമായും 565 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.

ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനവും പുനരധിവാസവും ഊർജ്ജിതമായി പുരോഗമിക്കുകയാണ്. സംസ്ഥാനത്തൊട്ടാകെ ഇതുവരെ 418 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനമാരംഭിച്ചു. വിവിധ കേന്ദ്രങ്ങളിലായി 18,434 പേരെ നിലവിൽ ഈ ക്യാമ്പുകളിൽ സുരക്ഷിതമായി പാർപ്പിച്ചിട്ടുണ്ട്. ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണവും മറ്റ് അടിയന്തര വൈദ്യസഹായങ്ങളും അധികൃതർ ഉറപ്പുവരുത്തുന്നുണ്ട്. സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും ഏകോപനത്തോടെയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles