കൊച്ചി: ഒളിവിലിരുന്ന് പൊലീസിനെയും ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ച് അർജുൻ ആയങ്കി വീണ്ടും രംഗത്ത്. തനിക്കെതിരെ എടുത്തത് കള്ളക്കേസാണെന്നും കേസിൽ പുനരന്വേഷണത്തിന് ഉത്തരവിടാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ധൈര്യമുണ്ടോയെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അർജുൻ വെല്ലുവിളിച്ചു. പുനരന്വേഷണത്തിൽ താൻ നിരപരാധിയാണെന്ന് തെളിഞ്ഞാൽ അധികാരദുർവിനിയോഗം നടത്തിയ കോതമംഗലം സി.ഐ പ്രശാന്ത് കുമാറിനെതിരെ കർശന നടപടിയെടുക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. താനും സുഹൃത്തുക്കളും പ്രതിചേർക്കപ്പെട്ട കേസിൽ നിരപരാധിത്വം തെളിഞ്ഞാൽ മന്ത്രിയെ നേരിട്ടുവന്ന് പൊന്നാടയണിയിക്കാമെന്നും അല്ലാത്തപക്ഷം വെറുതെ വിരട്ടേണ്ടതില്ലെന്നും ഇയാൾ പോസ്റ്റിൽ കുറിച്ചു.
അതേസമയം, ഒളിവിലുള്ള അർജുൻ ആയങ്കിയെ പിടികൂടുന്നതിനായി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (സ്പെഷ്യൽ സ്ക്വാഡ്) രൂപീകരിച്ചു. ആലുവ റൂറൽ എസ്.പി കെ.എസ്. സുദർശൻ രൂപീകരിച്ച 10 അംഗ സ്ക്വാഡിന് മൂവാറ്റുപുഴ ഡി.വൈ.എസ്.പിയാണ് മേൽനോട്ടം വഹിക്കുന്നത്. ഊന്നുകൽ ഇൻസ്പെക്ടറും രണ്ട് എസ്.ഐമാരും സംഘത്തിലുണ്ട്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഊന്നുകൽ ഇൻസ്പെക്ടർ ബി.എസ്. ആദർശിന് ഇൻസ്റ്റഗ്രാം വഴി ഭീഷണി സന്ദേശമയച്ചതിനാണ് ഇയാൾക്കെതിരെ ഊന്നുകൽ പൊലീസ് പുതിയ കേസെടുത്തത്.
കഴിഞ്ഞ മേയിൽ കോതമംഗലം പുന്നേക്കാട്ടെ റിസോർട്ടിൽ വെച്ച് ക്രിമിനൽ ഗൂഢാലോചന കേസിലാണ് അർജുൻ ആയങ്കിയെ ആദ്യം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഒരു മാസത്തിലേറെ റിമാൻഡിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയ ഇയാൾ, കോതമംഗലം ഇൻസ്പെക്ടർ പ്രശാന്ത് കുമാറിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് വരുംവിധം ഭീഷണി മുഴക്കുകയായിരുന്നു. ഈ കേസിന്റെ അന്വേഷണ ചുമതല ഊന്നുകൽ ഇൻസ്പെക്ടർക്ക് നൽകിയതിന് പിന്നാലെയാണ് അർജുൻ വീണ്ടും ഭീഷണിയുമായി രംഗത്തെത്തിയത്. നിലവിൽ പ്രതിയുടെ ലൊക്കേഷൻ എറണാകുളത്താണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും അർജുൻ അവിടെ തുടരാൻ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മറ്റാരെങ്കിലും ആണോ കൈകാര്യം ചെയ്യുന്നത് എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.



