കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബങ്കുരയിൽ സി.ജെ.പി (കോക്രോച്ച് ജനതാ പാർട്ടി) പ്രവർത്തകനായ ഷെയ്ഖ് അബ്ദുൾ ഹഫീസിന്റെ പിതാവ് ജനാബ് മാഫിക് അക്രമികളുടെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു. സി.ജെ.പിയുടെ ‘സ്കൂൾ ഠീക് കരോ’ ക്യാമ്പയിന്റെ ഭാഗമായി ബങ്കുരയിലെ കരിസുന്ദ പ്രൈമറി സ്കൂളിന്റെ ശോചനീയാവസ്ഥ അബ്ദുൾ ഹഫീസ് വീഡിയോയിൽ പകർത്തിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും ഇതിന് പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്നും സി.ജെ.പി ആരോപിച്ചു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി വീട് വളഞ്ഞ അക്രമികൾ ഹഫീസിനെയും പിതാവിനെയും മൂർച്ചയേറിയ ആയുധങ്ങളും ബ്ലേഡും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും, സ്കൂളിന്റെ വീഡിയോകൾ ഫോണിൽ നിന്ന് നിർബന്ധപൂർവ്വം ഡിലീറ്റ് ചെയ്യിപ്പിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മാഫിക് ശനിയാഴ്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ ബി.ജെ.പിക്കെതിരെയും പശ്ചിമ ബംഗാൾ പോലീസിനെതിരെയും രൂക്ഷവിമർശനവുമായി സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെയും സഹകൺവീനർ അശുതോഷ് റാങ്കയും രംഗത്തെത്തി. മെച്ചപ്പെട്ട സ്കൂൾ സൗകര്യങ്ങൾ ആവശ്യപ്പെട്ടതിന്റെ പേരിൽ നടക്കുന്ന ഇത്തരത്തിലുള്ള അക്രമങ്ങൾ പ്രതിഷേധാർഹമാണെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടി ഉറപ്പാക്കാൻ സി.ജെ.പി സംഘം ബംഗാൾ സന്ദർശിക്കുമെന്നും ദീപ്കെ അറിയിച്ചു.
അതേസമയം, പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ തങ്ങളുടെ പ്രവർത്തകർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നും, തൃണമൂലിന്റെയും ഇടതുപക്ഷത്തിന്റെയും തന്ത്രമാണിതെന്നും ബി.ജെ.പി ബംഗാൾ വക്താവ് കേയ ഘോഷ് പ്രതികരിച്ചു. ഇൻഡാസ് പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായും, സംഭവത്തിൽ സംശയമുള്ളവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ബങ്കുര എസ്.പി വി.ജി. സതീഷ് പശുമർത്തി അറിയിച്ചു. കുടുംബത്തിന്റെ രേഖാമൂലമുള്ള പരാതി ലഭിക്കുന്ന മുറയ്ക്ക് എഫ്.ഐ.ആർ ഉൾപ്പെടെയുള്ള തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



