അബുദാബി: ഗസ്സയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതിയും അന്താരാഷ്ട്ര റോഡ് മാപ്പും ഇസ്രായേൽ തള്ളിക്കളഞ്ഞതിനെതിരെ എട്ട് പ്രമുഖ രാജ്യങ്ങൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. യു.എ.ഇ, ഖത്തർ, ഈജിപ്ത്, സൗദി അറേബ്യ, ജോർദാൻ, ഇന്തോനേഷ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് ഇസ്രായേലിന്റെ നിലപാടിനെതിരെ സംയുക്ത പ്രസ്താവനയിറക്കിയത്. യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയം 2803 അടിസ്ഥാനമാക്കിയുള്ള സമാധാന പദ്ധതി അട്ടിമറിക്കുന്നതിന്റെയും, ഗസ്സയിൽ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ തടസ്സപ്പെടുത്തുന്നതിന്റെയും പൂർണ്ണ ഉത്തരവാദിത്തം ഇസ്രായേലിനായിരിക്കുമെന്ന് മന്ത്രിമാർ മുന്നറിയിപ്പ് നൽകി.
ഈജിപ്ത്, ഖത്തർ, തുർക്കി, യു.എസ് എന്നിവയുടെ മാസങ്ങൾ നീണ്ട മധ്യസ്ഥ ശ്രമങ്ങൾക്കൊടുവിൽ ഫലസ്തീൻ വിഭാഗങ്ങൾ അംഗീകരിച്ച റോഡ് മാപ്പാണ് ഇസ്രായേൽ നിരസിച്ചത്. ഗസ്സയിൽ നിന്ന് ഇസ്രായേൽ സേനയുടെ പൂർണ്ണമായ പിന്മാറ്റം, അന്താരാഷ്ട്ര സ്ഥിരത സേനയുടെ (ISF) വിന്യാസം, ഗസ്സയുടെ ഭരണാധികാരം ‘ദേശീയ സമിതിക്ക്’ കൈമാറൽ, യുദ്ധത്തിൽ തകർന്നുപോയ ഗസ്സയുടെ പുനർനിർമ്മാണം ആരംഭിക്കൽ എന്നിവയായിരുന്നു പദ്ധതിയിലെ പ്രധാന നിർദ്ദേശങ്ങൾ. ഈ വ്യവസ്ഥകളും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തെയും ഇസ്രായേൽ എതിർക്കുന്നത് മേഖലയിലെ സമാധാന ശ്രമങ്ങളെ പാളം തെറ്റിക്കുമെന്ന് വിദേശകാര്യ മന്ത്രിമാർ ചൂണ്ടിക്കാട്ടി.
സ്വന്തം സമഗ്ര പദ്ധതി ഇസ്രായേൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അമേരിക്കയുടെ നിരന്തരവും സജീവവുമായ ഇടപെടൽ ഉണ്ടാകണമെന്ന് ഈ രാജ്യങ്ങൾ ആവശ്യപ്പെട്ടു. 1967-ലെ അതിർത്തികളെ അടിസ്ഥാനമാക്കി, കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്ന ‘ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ’ മാത്രമേ മേഖലയിൽ ശാശ്വത സമാധാനം സാധ്യമാകൂ എന്ന് എട്ടുരാജ്യങ്ങളും പ്രസ്താവനയിൽ വ്യക്തമാക്കി.



