വാഷിംഗ്ടൺ: ഇറാന്റെ തുറമുഖങ്ങൾക്കെതിരെയുള്ള നാവിക ഉപരോധം കൂടുതൽ ശക്തമാക്കാൻ അമേരിക്കയ്ക്ക് മുൻപിൽ കടുത്ത പരിധികളുണ്ടെന്നും സ്വന്തം സൈന്യത്തെ വലിയ രീതിയിലുള്ള അപകടങ്ങളിലേക്ക് തള്ളിവിടാതെ വാഷിംഗ്ടണിന് കൂടുതൽ മുന്നോട്ടുപോകാനാവില്ലെന്നും യു.എസ് പ്രതിരോധ വിദഗ്ദ്ധൻ ബ്രയാൻ ക്ലാർക്ക്. ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഫെലോയായ അദ്ദേഹം അൽ ജസീറയോട് സംസാരിക്കവേയാണ് അന്താരാഷ്ട്ര സൈനിക സാഹചര്യങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ പങ്കുവെച്ചത്. ചരിത്രത്തിൽ ഒരു യുദ്ധവും കേവലം വ്യോമസേനയുടെ ശക്തി കൊണ്ട് മാത്രം ജയിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുകയും അതുവഴി കടന്നുപോകുന്ന ചരക്ക് കപ്പലുകൾക്ക് സംരക്ഷണം നൽകാൻ സൈനിക ശക്തി ഉപയോഗിക്കുകയുമാണ് നിലവിൽ യു.എസിന് മുൻപിലുള്ള ഏക സൈനിക മാർഗ്ഗം. എന്നാൽ ഇതിനായി വ്യോമ-നാവിക സേനകളെ നേരിട്ട് വിന്യസിക്കേണ്ടിവരുമെന്നും, വാഷിംഗ്ടൺ ഇതുവരെ അത്തരം നീക്കങ്ങളിൽ നിന്ന് മാറിനിൽക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കപ്പലുകൾക്ക് നാവികസേനയുടെ നേരിട്ടുള്ള സംരക്ഷണം നൽകാതിരിക്കുന്നത് 1980-കളിലെ ‘ടാങ്കർ യുദ്ധത്തിന്’ സമാനമായ സാഹചര്യങ്ങളിലേക്കും ചരക്കുകപ്പലുകൾ വ്യാപകമായി ആക്രമിക്കപ്പെടുന്നതിലേക്കും നയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതിർത്തിയിൽ കരസേനയെ വിന്യസിക്കുന്നതിന് മുൻപായി, ഹോർമുസ് കടലിടുക്കിൽ ഇറാന് പൂർണ്ണ നിയന്ത്രണമില്ലെന്ന് തെളിയിക്കാൻ കപ്പലുകൾക്ക് ചെറിയ രീതിയിലുള്ള അകമ്പടി സേവിക്കാൻ യു.എസ് ശ്രമിച്ചേക്കാം. എന്നാൽ അന്തിമമായി ഇറാനും യമനും സംയുക്തമായി നിശ്ചിത ഫീസ് വ്യവസ്ഥയിൽ കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിലേക്ക് തർക്കങ്ങൾ അവസാനിക്കുമെന്നാണ് ബ്രയാൻ ക്ലാർക്ക് പ്രവചിക്കുന്നത്. അമേരിക്കൻ താല്പര്യങ്ങൾക്ക് കനത്ത തിരിച്ചടിയേറ്റില്ലെന്ന് വരുത്തിത്തീർക്കാനുള്ള ന്യായീകരണങ്ങൾ കണ്ടെത്തി പ്രശ്നം പരിഹരിക്കാൻ വാഷിംഗ്ടൺ നിർബന്ധിതരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



