ന്യൂനപക്ഷ സംവരണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: ന്യൂനപക്ഷങ്ങൾക്കുള്ള സംവരണം 10 വർഷത്തിലൊരിക്കൽ പുനഃപരിശോധിക്കണമെന്ന സുപ്രീം കോടതിയുടെയും മുൻ ഹൈക്കോടതി ഉത്തരവുകളുടെയും തുടർനടപടികൾ പാലിക്കാത്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കോടതി ഉത്തരവുകൾ നടപ്പിലാക്കുന്നതിൽ സർക്കാർ ബോധപൂർവമായ വിമുഖത കാണിക്കുകയാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി, വിഷയത്തിൽ സെപ്റ്റംബർ എട്ടിന് മുമ്പായി വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ചു.

മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മീഷൻ ട്രസ്റ്റ് ചെയർമാൻ കെ.എ. ബീരാൻ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൗമിക് സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കേസിൽ കേന്ദ്ര സർക്കാർ നേരത്തെ തന്നെ സത്യവാങ്മൂലം നൽകിയിരുന്നെങ്കിലും സംസ്ഥാന സർക്കാർ വീണ്ടും സമയം നീട്ടി ചോദിക്കുകയായിരുന്നു. പത്ത് വർഷം കൂടുമ്പോൾ സംവരണം പുനഃപരിശോധിച്ച് അർഹരായവർക്ക് ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്നും അനർഹരെ ഒഴിവാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. ഹർജി അടുത്ത മാസം 11-ന് കോടതി വീണ്ടും പരിഗണിക്കും.

Related Articles

- Advertisement -spot_img

Latest Articles